ഹരിയാനയിൽ വിനേഷ് ഫോഗട്ട് കോൺഗ്രസ് സ്ഥാനാർഥി? തീരുമാനം ഇന്ന്; ‘ആപ്പി’നെ കൂടെ കൂട്ടണമെന്ന് രാഹുൽ
Mail This Article
ചണ്ഡിഗഡ്∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഇന്നു തീരുമാനമെടുക്കും. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ചർച്ച നടന്നതായാണ് സൂചന. വിനേഷ് ഫോഗട്ടിന് പുറമെ ലോക്സഭാംഗമായ കുമാരി സെൽജയയെും രാജ്യസഭാംഗം രൺദീപ് സിങ് സുർജേവാലയെയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കമുണ്ട്.
യോഗത്തിൽ 34 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ചാണ് ധാരണയായിരിക്കുന്നത്. ഹരിയാന തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ കോൺഗ്രസ് വ്യക്തത നൽകുമെന്ന് കഴിഞ്ഞ ദിവസം നടന്ന എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബരി പറഞ്ഞിരുന്നു.
അതേസമയം ഹരിയാനയിൽ വോട്ടുകൾ ഭിന്നിക്കരുതെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. കോൺഗ്രസും ആം ആദ്മി പാർട്ടിയും മുന്നണിയായി തന്നെ മത്സരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം രാഹുൽ ഉന്നയിച്ചത്.
എന്നാൽ രാഹുലിന്റെ അഭിപ്രായത്തോട് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ എഎപി ആവശ്യപ്പെടുന്നത് സഖ്യ സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഹരിയാനയിലെ അന്തിമ സ്ഥാനാർഥി പട്ടിക വൈകാതെ തന്നെ കോൺഗ്രസ് പുറത്തുവിട്ടേക്കും.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച കോൺഗ്രസും – ആം ആദ്മി പാർട്ടിയും മികച്ച പ്രകടനമാണ് സംസ്ഥാനത്ത് നടത്തിയത്. ആകെയുള്ള പത്ത് സീറ്റുകളിൽ ഇന്ത്യാ സഖ്യം 5 സീറ്റുകൾ നേടിയിരുന്നു. ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഒക്ടോബർ 8 നും നടക്കും.