‘ഒറ്റിക്കൊടുക്കുന്നവരെയും രാജ്യദ്രോഹികളെയും ഉന്മൂലനം ചെയ്യണം’: വേലുപ്പിള്ള പ്രഭാകരന്റെ ഡീപ്ഫേക്ക് വിഡിയോ
Mail This Article
ചെന്നൈ∙ കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വിഡിയോ പ്രചരിക്കുന്നു. സിംഹള സർക്കാരിനെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ഡീപ് ഫേക്ക് – നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണ് പ്രചരിക്കുന്ന വിഡിയോ. ഇതു പ്രചരിപ്പിക്കുന്നതിന് പിന്നിൽ യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽടിടിഇ അനുകൂല സംഘമാണെന്നാണ് സൂചന.
‘‘നിരവധി പോരാട്ടങ്ങൾ നമ്മൾ നടത്തി. പക്ഷേ, നമ്മളെ ഒറ്റിക്കൊടുക്കുന്നവരെയും രാജ്യദ്രോഹികളെയും ഉന്മൂലനം ചെയ്യണം. ഒറ്റക്കെട്ടായി നിൽക്കാനും ശത്രുക്കളെ തുരത്താനും സംഘടിക്കണം." – ഡീപ് ഫേക്ക് വിഡിയോയിൽ പറയുന്നു. പ്രായം ചെന്ന നിലയിൽ പ്രഭാകരന്റെ മുഖത്തോട് സാമ്യം തോന്നിക്കുന്ന വ്യക്തിയാണ് ഡീപ്ഫേക്ക് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തേ 'സിംഹള' സർക്കാരിനെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന പ്രഭാകരന്റെ മകൾ ദ്വാരകയുടെ വ്യാജ 'ലൈവ് സ്ട്രീം' വിഡിയോയും വന്നിരുന്നു.
എൽടിടിഇ അനുകൂല സംഘടനകൾക്ക് പണം പിരിക്കുന്നതിനാണ്, വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന രീതിയിലുള്ള വിഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. 2009 മേയിൽ നടന്ന ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ലങ്കൻ സൈന്യം പ്രഭാകരനെയും കുടുംബാംഗങ്ങളെയും വധിച്ചിരുന്നു. എന്നാൽ വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്നും ഒരു നാൾ തിരിച്ചുവരുമെന്നുമാണ് എൽടിടിഇ അനുകൂലികളിൽ ചിലർ വിശ്വസിക്കുന്നത്.