ADVERTISEMENT

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടർന്ന് കൊല്ലം എംഎൽഎ മുകേഷിനെതിരെ എടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജിയിൽ വിധി വ്യാഴാഴ്ച. മുകേഷിനു പുറമെ ഇടവേള ബാബു, കോൺഗ്രസ് നേതാവ് കൂടിയായ അഭിഭാഷകൻ വി.എസ്.ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിലും അന്ന് വിധി പറയും. ഇൻ ക്യാമറ ആയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നും വാദം നടന്നത്. ഇതോടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ വന്ന പരാതികളിൽ സിനിമ മേഖലയിലുള്ളവർക്കെതിരെ എടുത്ത കേസുകളിലെ ആദ്യ നിയമ പോരാട്ടങ്ങൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. 

ആലുവ സ്വദേശിയായ നടി ഏഴു പേർക്കെതിരെ നൽകിയ പരാതിയിലാണ് മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. അതേ സമയം, നടിയുടെ പരാതിയിൽ ഉണ്ടായിരുന്ന നടൻ മണിയൻ പിള്ള രാജുവിനെതിരായ ഹർജി കോടതി ഇന്ന് തീർപ്പാക്കിയിട്ടുണ്ട്. മണിയൻപിള്ള രാജുവിനെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്നവ ആയതിനാലാണ് ഹർജി തീർപ്പാക്കിയത്. 

അതേസമയം, നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി സർക്കാരിന്റെ വിശദീകരണത്തിനായി മാറ്റി. ഹർജി ഈ മാസം 13ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി ജഡ്ജി സി.എസ്.ഡയസ് വ്യക്തമാക്കി. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി ആക്രമിച്ചെന്ന നടിയുടെ പരാതിയിൽ ബലാത്സംഗ കുറ്റമാണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ തന്നെ അപമാനിക്കാനായി മനഃപൂർവം കെട്ടിച്ചമച്ച കേസാണ് ഇതെന്നും മുമ്പൊന്നും ബലാത്സംഗ ആരോപണം നടി ഉന്നയിച്ചിട്ടില്ലെന്നും സിദ്ദിഖ് ഹർജിയിൽ പറയുന്നു. 

ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി സംവിധായകൻ രഞ്ജിത് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ തന്നെ ഉൾപ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നാണ് രഞ്ജിത്ത് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. പരാതിക്കാരിയെ തന്റെ സിനിമയിലേക്ക് തിരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് കാരണമെന്നും തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ വിഷയം ആളിക്കത്തിക്കുകയായിരുന്നു എന്നും രഞ്ജിത് പറയുന്നു. 

തനിക്കെതിരെ തമിഴ് ഗായിക സുചിത്ര ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷസംഘത്തിന് നടി റിമ കല്ലിങ്കല്‍ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കി. ഇതിനു പുറമെ സുചിത്രയ്‌ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസും അയച്ചിട്ടുണ്ട്. 25 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നുമാണ് ആവശ്യം. റിമ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്നും അറസ്റ്റിലായെന്നുമായിരുന്നു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര ആരോപിച്ചത്. എന്നാൽ ഇത് നിഷേധിച്ചു കൊണ്ടാണ് റിമ പരാതിയും മാനനഷ്ടക്കേസും നൽകിയിരിക്കുന്നത്.

English Summary:

Mukesh Edavela Babu VS Chandrasekharan anticipatory bail hearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com