ADVERTISEMENT

കോട്ടയം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങൾ‌ പുറത്തുവിടണമെന്നും എന്തിനാണ് അവ ഒളിപ്പിച്ചുവയ്ക്കുന്നതെന്നും സിപിഎം നേതാവും കായംകുളം എംഎൽഎയുമായ യു. പ്രതിഭ. വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണം. എഡിജിപി അജിത് കുമാറിനെതിരെ പി.വി. അൻവർ നടത്തുന്ന പോരാട്ടത്തിൽ സത്യസന്ധത തോന്നുന്നുണ്ടെന്നും പ്രതിഭ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് മസാല ചർച്ചയായി മാറി. നടിമാരുടെ ജോലിയാണ് അഭിനയം. ജോലി ചെയ്യാൻ പോകുന്നവരെ ചൂഷണം ചെയ്യാൻ പാടില്ല. അവർ ജോലി ചെയ്യുമ്പോൾ അവരുടെ വസ്ത്രം അഴിക്കാനോ വാതിൽ മുട്ടാനോ പോകുന്നത് ശരിയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങൾ എന്തിനാണ് പൂഴ്ത്തി വയ്ക്കുന്നത് ? ഒരു പാവപ്പെട്ടവൻ എന്തെങ്കിലും മോഷണം നടത്തിയാൽ അവന്റെ ഫുൾ സൈസ് ഫോട്ടോ കൊടുത്ത് നമ്മൾ ആഘോഷിക്കും. ഇവിടെയും അത് വേണം. ഇരകളുടെ പേര് മറച്ചുവച്ച് വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണം. ഇപ്പോൾ വെളിപ്പെടുത്തലുകളുമായി വരുന്നവരിൽ പലരും നമ്മൾ ഒരിക്കൽ പോലും കാണാത്തവരാണ്. ഇത്രയും ഗൗരവമുള്ള വിഷയം ചർച്ചയാകുമ്പോൾ മുൻ നിര നടിമാർ എന്തുകൊണ്ട് വെളിപ്പെടുത്തലുകൾ നടത്തുന്നില്ല എന്നത് എന്നെ അദ്ഭുതപ്പെടുത്തുകയാണ്. അവർക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലേ ? ഇത് കേവലം സിനിമാ വിഷയമല്ല. ഒരു സാമൂഹിക വിഷയമാണ്. ഉദ്യോഗസ്ഥരും സിനിമാക്കാരും രാഷ്ട്രീയക്കാരും ചേർന്നുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കലും ഉണ്ടാകരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ’’ – പ്രതിഭ പറഞ്ഞു. 

‘‘പൊലീസുകാർക്കെതിരെ അൻവർ‌ നടത്തിയ വെളിപ്പെടുത്തലുകളിൽ ഒരുപാട് സത്യസന്ധത തോന്നി. ആത്മാർഥതയോടെയാണ് അൻവർ ആരോപണങ്ങൾ ഉന്നയിച്ചത്. അധികാരത്തിന്റെ ഇടനാഴികളിൽ എല്ലാ സ്വരവുമുള്ളവരുണ്ട്. അഴിമതിയ്ക്ക് കൂട്ടുനിൽക്കുന്ന ധാരാളം ഉദ്യോഗസ്ഥരുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലിന്റെ ഭാഗമായി എല്ലാവരും മുകേഷിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയാണ്. ചൂലും കോഴിയുമൊക്കെ ആയാണ് മാർച്ച്. എന്തുകൊണ്ട് എഡിജിപിയുടെ വീട്ടിലേക്ക് ആരും മാർച്ച് നടത്തുന്നില്ല ? കോൺഗ്രസ് പറയുന്നത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ്. എഡിജിപിക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചകൾ മുകേഷിലേക്ക് എത്തിച്ചതു പോലെ ചർച്ചകൾ വഴിമാറ്റി വിടാനുള്ള ശ്രമമാണ് നടക്കുന്നത്’’ – പ്രതിഭ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം. ഭയങ്കര സംഭവമാണെന്ന വിചാരം ഐപിഎസുകാർക്കുണ്ട്. ഉദ്യോഗസ്ഥ ദുഷ്ഭരണമല്ല നടക്കേണ്ടത്. ഇതൊരു ജനാധിപത്യ സംസ്ഥാനമാണ്. വേണ്ടതിൽ കൂടുതൽ സ്വത്ത് പല ഉദ്യോഗസ്ഥരും സമ്പാദിക്കുന്നുണ്ട്. അമിതമായ പണം ഇവർക്ക് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തണം. ടി.ഒ. സൂരജിന് 5 ഫ്ലാറ്റായ ശേഷമാണ് നമ്മൾ അദ്ദേഹത്തെപ്പറ്റി അന്വേഷണം ആരംഭിച്ചത്. ഇവിടെ നടക്കുന്ന പ്രശ്നങ്ങൾക്കൊന്നും നല്ലൊരു അവസാനമുണ്ടാകുന്നില്ലെന്നും പ്രതിഭ പറഞ്ഞു.

English Summary:

U Prathibha speak about Hema Committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com