ADVERTISEMENT

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ കേന്ദ്ര ഏജൻസി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി. ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങളാണു വെളിപ്പെടുത്തിയിരിക്കുന്നതെന്നും അതോടൊപ്പം പൊലീസ് വകുപ്പിൽ നടക്കുന്ന ക്രമക്കേടുകളും പുറത്തുവന്നതിൽ ഉൾപ്പെടുമെന്നും ഹർജിയിൽ പറയുന്നു. തൃശൂര്‍ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ജോർജ് വട്ടുകുളമാണ് ഹർജിക്കാരൻ.  

തനിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മലപ്പുറം എസ്പി സുജിത് ദാസ് പി.വി.അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലുകൾ, സ്വർണ്ണക്കടത്തിൽ അജിത് കുമാറിനും സുജിത് ദാസിനുമുള്ള പങ്കിനെക്കുറിച്ച് അൻവറിന്റെ ആരോപണം, തിരുവനന്തപുരം കവടിയാറിൽ അജിത് കുമാറിന്റെ വീടു നിർമാണം, മന്ത്രിമാരുടേയും മറ്റു രാഷ്ട്രീയക്കാരുടെയും ഫോൺ കോളുകൾ അജിത് കുമാർ അനധികൃതമായി ചോർത്തുന്നുവെന്ന അൻവറിന്റെ ആരോപണം, 2023ൽ റിദാൻ ബേസിലിന്റെ കൊലപാതകത്തിൽ അജിത് കുമാറിന് ബന്ധമുള്ളവരുണ്ടെന്ന അൻവറിന്റെ ആരോപണം, കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനം, പി.ശശിയുടെ വലം കയ്യാണ് അജിത് കുമാർ എന്ന സുജിത് ദാസിന്റെ വെളിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹർജി.

ആരോപണങ്ങൾ പുറത്തുവന്നതിനു ശേഷം അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം പുരോഗമിക്കുന്നില്ല എന്നാണ് ഹർജിയിലെ ആരോപണം. പ്രശ്നം മൂടിവയ്ക്കാനാണ് പൊലീസ് വകുപ്പ് ശ്രമിക്കുന്നത്. കുറ്റക്കാർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാനോ നടപടികൾ സ്വീകരിക്കാനോ ശ്രമമുണ്ടാകുന്നില്ല. ഈ സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന ഏജൻസിയോ അല്ലെങ്കിൽ കേന്ദ്ര ഏജൻസിയോ ഇക്കാര്യങ്ങൾ അന്വേഷിക്കണം. അതല്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.

English Summary:

Public outcry follows a petition submitted to the High Court demanding a central agency investigation into allegations revealed by P.V. Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com