എ.കെ.ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം തെറിച്ചേക്കും; മുഖ്യമന്ത്രിയെ കണ്ട് പി.സി.ചാക്കോ
Mail This Article
തിരുവനന്തപുരം∙ മന്ത്രിസഭയിൽനിന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റാൻ നീക്കം. എൻസിപിയിൽ മന്ത്രിമാറ്റ ചർച്ചകൾ സജീവമായിരിക്കെ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നാണ് ചാക്കോയുടെ നിലപാട്. പാർട്ടിയിലെ ചർച്ചകളാണ് ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചത് എന്നാണ് എൻസിപി വൃത്തങ്ങൾ പറയുന്നത്. മന്ത്രിസ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്ന് മുഖ്യമന്ത്രി ചാക്കോയെ അറിയിച്ചു.
മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശശീന്ദ്രൻ. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രൻ അറിയിച്ചു. ചർച്ചയ്ക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കി.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരുന്നു. രണ്ടരവര്‍ഷം കഴിഞ്ഞ് മാറണമെന്ന ഉപാധിവച്ചു. അതിനും ശശീന്ദ്രന്‍ വഴങ്ങിയില്ല. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്‍റെ പിടിവള്ളി. എന്നാൽ അടുത്തിടെ ശശീന്ദ്രൻ ക്യാംപിനെ ഞെട്ടിച്ച് തോമസ് കെ.തോമസുമായി പി.സി.ചാക്കോ അടുക്കുകയായിരുന്നു.
ഇതോടെയാണ് തോമസ് കെ.തോമസ് മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷരുടെ പിന്തുണ കൂടി നേടിയാണ് ശശീന്ദ്രനെതിരായ പടയൊരുക്കം. പാർട്ടിയിൽ ഇങ്ങനെ ചർച്ചകളൊന്നുമില്ലെന്നാണ് ശശീന്ദ്രൻ പറയുന്നത്.