ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പരാതി നൽകി പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയുള്ള പരാതികളും പാർട്ടി സെക്രട്ടറിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ പരാതിയുടെ പകർപ്പും കൈമാറി. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗം അൻവറിന്റെ പരാതി പരിഗണിച്ചേക്കും.

പാർട്ടി സെക്രട്ടറിയെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അൻവർ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി. ‘‘ആരോപണങ്ങൾ അന്വേഷിച്ചു കണ്ടെത്താൻ കേരള പൊലീസിനു കഴിയും. അന്വേഷണം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. അതിനാൽ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. അന്വേഷണം അട്ടിമറിക്കപ്പെട്ടാൽ ആ ഘട്ടത്തിൽ ഇടപെടും. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയാണ് പാർട്ടി സെക്രട്ടറിക്കും കൊടുത്തത്. ബാക്കി കാര്യം സർക്കാരും പാർട്ടിയും തീരുമാനിക്കും.’’ അൻവർ പറഞ്ഞു.

പി.വി.അൻവർ പുലിയില്‍നിന്ന് എലിയായി എന്ന പ്രചാരണങ്ങളോടുള്ള മറുപടി ഇങ്ങനെ: ‘‘എലി അത്ര മോശം ജീവിയല്ലല്ലോ. ഒരു വീട്ടിൽ എലി ഉണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകും. അൻവർ കീഴടങ്ങി, മുങ്ങി, എലിയായി എന്നൊക്കെ വാർത്തയുണ്ട്. അത് കുഴപ്പമില്ല. എലിയായാലും പൂച്ചയായാലും ഉയർത്തിയ വിഷയവുമായി സമൂഹത്തിനു മുന്നിലുണ്ടാകും’’– അൻവർ വ്യക്തമാക്കി.

എഡിജിപി എം.ആർ അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റാതെ അന്വേഷണം നടക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ: ‘‘ എഡിജിപിയെ മാറ്റുന്ന കാര്യം സർക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. അന്തസ്സുള്ള പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയുമാണ്. ഹെഡ് മാസ്റ്റർക്കെതിരായ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്. അങ്ങനെയുള്ള നയം ഉണ്ടാകില്ല. ഇന്നലെ പരാതി കൊടുത്തതല്ലേയുള്ളൂ. സർക്കാർ അത് പഠിക്കട്ടെ. അതിനു നടപടിക്രമം ഉണ്ട്. മാധ്യമങ്ങൾക്കുള്ള തിടുക്കം എനിക്കില്ല. നീതിപൂർവമായ അന്വേഷണം നടക്കുമെന്നാണ് വിശ്വസിക്കുന്നത്’’–അൻവർ പറഞ്ഞു.

‘‘ലക്ഷണക്കണക്കിനു സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യമാണ് പറഞ്ഞത്. സർക്കാർ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ വികാരമാണ് പറഞ്ഞത്. അൻവർ ദൈവത്തിനും പാർട്ടിക്കും മാത്രമേ കീഴടങ്ങൂ. സർക്കാരിനെ തകർക്കാനുള്ള ലോബിക്കെതിരായ വിപ്ലമായി ഇത് മാറും. വിപ്ലവം പെട്ടെന്നുണ്ടാകില്ല. തെളിവുകളിലേക്കുള്ള സൂചനാ തെളിവാണ് കൊടുത്തത്. ബാക്കിയുള്ളത് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോൾ പറയില്ല. അന്വേഷണം എങ്ങനെ നടക്കുന്നു എന്നു നോക്കാം. ആ ഘട്ടത്തിൽ ഇടപെടും. വിധേയരായി അന്വേഷണം നടത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരും. അന്വേഷണം അട്ടിമറിക്കാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞതു.’’ അൻവർ പറഞ്ഞു.

English Summary:

"Don't try to suppress it with a false investigation"; P. V. Anwar met the MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com