ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് ഇടപെട്ട് തൃശൂര്‍ പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. 2023 മേയില്‍ തൃശൂരില്‍ നടന്ന ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

2023 മേയ് 20 മുതല്‍ 22 വരെ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ വിച്ച് ആര്‍എസ്എസ് ക്യാംപ് നടന്നു. ക്യാംപില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ പറഞ്ഞയച്ചിരുന്നോ. സ്വകാര്യ ഹോട്ടലില്‍ ഔദ്യോഗിക കാര്‍ ഇട്ട ശേഷം മറ്റൊരു കാറിലാണ് എഡിജിപി ദത്താത്രേയ ഹൊസബലെയെ കാണാന്‍ പോയത്. ഒരു മണിക്കൂര്‍ അവര്‍ സംസാരിച്ചു. എന്തു കാര്യമാണ് മുഖ്യമന്ത്രി എഡിജിപി വഴി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി സംസാരിച്ചത്. എന്തു വിഷയം പരിഹരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്തു കാര്യത്തിനാണ് ക്രമസമാധാനച്ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ അവിടേക്ക് അയച്ചത്. തിരുവനന്തപുരത്തുള്ള ഉന്നത ആര്‍എസ്എസ് നേതാവ് അതിന് ഇടനിലക്കാരന്‍ ആയിരുന്നുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന പല കേസുകള്‍ സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. എഡിജിപി ഇടനിലക്കാരനായാണ് പ്രവര്‍ത്തിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേസുകളില്‍നിന്ന് ഒഴിവാകാനുള്ള ധാരണയുണ്ടാക്കാനായിരുന്നു ചര്‍ച്ച. കേരളത്തില്‍ ഒരു അക്കൗണ്ട് തുറക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതു നിറവേറ്റി കൊടുക്കാമെന്ന് മുഖ്യമന്ത്രി വാക്കു കൊടുക്കുകയായിരുന്നു. നിയമവിരുദ്ധമായ പല കാര്യങ്ങളും ഉദ്യോഗസ്ഥരെ കൊണ്ടു ചെയ്യിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടപടി എടുക്കാന്‍ കഴിയാത്തത്. കേരളത്തിലെ മുഖ്യമന്ത്രി എന്തിനാണ് പ്രകാശ് ജാവഡേക്കറെ ആറു പ്രാവശ്യം കണ്ടത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആ ബന്ധമാണ് തൃശൂരില്‍ പിന്നീട് തുടര്‍ന്നത്. പിന്നീടാണ് ബിജെപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം കലക്കിയെന്ന ആരോപണം വരുന്നത്. പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടി എന്നാണു പറഞ്ഞത്. രാവിലെ മുതല്‍ പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ മേലുദ്യോഗസ്ഥനായ എഡിജിപി അവിടെ ഉണ്ടായിരുന്നല്ലോ. എന്നിട്ട് ഇടപെടാതിരുന്നത് എന്തുകൊണ്ടാണ്. അപ്പോള്‍ പൊലീസിനെ കൊണ്ട് തൃശൂര്‍ പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപിയാണ്.

ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും എഡിജിപിയെയും പി.ശശിയേയും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഈ ആര്‍എസ്എസ് ബന്ധം കൊണ്ടാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്ന അവിഹിത ബന്ധം ഇപ്പോള്‍ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇതെല്ലാം ചെയ്തതെന്നും വ്യക്തമായി. പൂരം കലക്കി ഹൈന്ദവവികാരം ഉണ്ടാക്കിയാണ് ബിജെപിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും കൂടി ആസൂത്രണം ചെയ്താണ് ഇത് നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പി.വി.അന്‍വറും എസ്പി സുജിത് ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം കേട്ടാല്‍ ഒരു മിനിറ്റ് അദ്ദേഹത്തെ സര്‍വീസില്‍ വച്ചു കൊണ്ടിരിക്കുമോ എന്നും വി.ഡി.സതീശന്‍ ചോദിച്ചു. മൂന്ന് എസ്പിമാര്‍ക്കെതിരെയാണ് മറ്റൊരു എസ്പി അസംബന്ധം പറഞ്ഞിരിക്കുന്നു. എഡിജിപിക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച സുജിത് ദാസ് ഇപ്പോഴും സര്‍വീസിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാന്‍ പോയ പി.വി.അന്‍വറല്ല തിരിച്ചുവന്നത്. ഏതു ഭീഷണിക്കാണ് വഴങ്ങിയതെന്ന് അറിയില്ല. എഡിജിപിയെ മാറ്റണമെന്ന് പറഞ്ഞിട്ടില്ലെന്നാണ് പിന്നീട് പറഞ്ഞത്. എങ്കില്‍ രണ്ടു മാല വാങ്ങി പി.ശശിയുടെയും എഡിജിപിയുടെയും കഴുത്തില്‍ ഇടുകകൂടി ചെയ്യണമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary:

V.D. Satheesan Alleges RSS-Police Nexus Disrupted Thrissur Pooram for BJP Gain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com