ADVERTISEMENT

കൊൽക്കത്ത ∙ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ നിർണായക കണ്ടെത്തലുമായി സിബിഐ. ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തതിനു പിറ്റേന്ന് കുറ്റകൃത്യം നടന്ന സ്ഥലത്തിനോടു ചേർന്നുള്ള ഭാഗം നവീകരിക്കാൻ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് നിർദേശം നൽകിയെന്നാണു കണ്ടെത്തൽ. ഇക്കാര്യം ആവശ്യപ്പെട്ടു സന്ദീപ് ഘോഷ് പൊതുമരാമത്ത് വകുപ്പിനാണ് (പിഡബ്ല്യുഡി) നിർദേശം നൽകിയത്.

ഓഗസ്റ്റ് 9ന് രാവിലെയാണ് ആശുപത്രി വളപ്പിലെ സെമിനാർ ഹാളിൽനിന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സെമിനാർ ഹാളിനോടു ചേർന്നുള്ള മുറിയിലും ശുചിമുറിയിലും നവീകരണ പ്രവൃത്തികൾ നടത്താൻ പിഡബ്ല്യുഡിക്ക് സന്ദീപ് ഘോഷ് അനുമതി കത്ത് നൽകിയിരുന്നു. ഈ രേഖ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തെന്നു സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. നവീകരണം പൂർത്തിയാക്കാൻ സന്ദീപ് ഘോഷ് താൽപ്പര്യപ്പെട്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു.

ജോലി ആരംഭിച്ച ഉടനെ ആശുപത്രി വളപ്പിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധമുണ്ടായതിനാൽ നവീകരണം തുടരാനായില്ല. മെഡിക്കൽ കോളജിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് സിബിഐ കസ്റ്റഡിയിലാണ്. 2021 ഫെബ്രുവരി മുതൽ 2023 സെപ്റ്റംബർ വരെ പ്രിൻസിപ്പലായിരുന്നു. 2023 ഒക്ടോബറിൽ സ്ഥലംമാറ്റിയെങ്കിലും ഒരുമാസത്തിനുള്ളിൽ തിരിച്ചെത്തി. വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നതുവരെ സന്ദീപ് ഘോഷ് മെ‍ഡിക്കൽ കോളജിന്റെ പ്രിൻസിപ്പൽ പദവിയിൽ തുടർന്നു.

English Summary:

CBI investigation RG Kar Medical college murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com