ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ; അംഗത്വ കാർഡ് പങ്കുവച്ച് ഭാര്യ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. ബിജെപിയുടെ അംഗത്വവിതരണ ക്യാംപയിനിലൂടെയാണ് ജഡേജ അംഗത്വം സ്വീകരിച്ചത്. ബിജെപി എംഎൽഎയും രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അംഗത്വം സ്വീകരിച്ച ശേഷമുള്ള ജഡേജയുടെ അംഗത്വ കാർഡിന്റെ ചിത്രങ്ങൾ റിവാബ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
2019 മുതൽ ബിജെപി അംഗമാണ് റിവാബ. 2022ൽ ജാംനഗറിൽ നിന്നും മത്സരിച്ചാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥിയായ കർഷൻഭായ് കർമൂറിനെയാണ് പരാജയപ്പെടുത്തിയത്. 2016 ഏപ്രിൽ 17 നാണ് രവീന്ദ്ര ജഡേജയും റിവാബയും തമ്മിലുള്ള വിവാഹം നടന്നത്.
ടി20 ലോകകപ്പിന് പിന്നാലെ രവീന്ദ്ര ജഡേജ ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിജെപി അംഗത്വം ഡൽഹിയിൽ വച്ച് പുതുക്കിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് മെംബർഷിപ്പ് ഡ്രൈവിന് ആരംഭം കുറിച്ചത്.