ADVERTISEMENT

തിരുവനന്തപുരം∙ പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ ഒരു വർഷമായി സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണയെ സർവീസിൽ തിരിച്ചെടുത്തു. ട്രെയ്നിങ് വിഭാഗം ഐജിയായാണു പുനർനിയമനം. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണു 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ചു ലക്ഷ്മണയെ തിരിച്ചെടുത്തത്. അന്വേഷണം അവസാനിച്ച സാഹചര്യത്തിൽ തിരിച്ചെടുക്കാമെന്നു സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ തെലങ്കാന സ്വദേശിയാണ്.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. പരാതിക്കാരിൽനിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. മുൻ ഡിഐജി എസ്.സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ  ഉൾപ്പെടുത്തിയാണു കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിനു തെളിവില്ലെന്നാണു കോടതിയെ അറിയിച്ചത്.

മോൻസന്റെ ഇടപാടുകളിൽ ലക്ഷ്മൺ നേരിട്ടു പങ്കാളിയായതോടെയാണു കേസിൽ പ്രതിയായത്. ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ വിറ്റതിനു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചതായി മോൻസൻ പരാതിക്കാരെ വിശ്വസിപ്പിച്ചിരുന്നു. ഈ തുക പിൻവലിക്കാനുള്ള തടസ്സം മാറ്റാനായി പലപ്പോഴായി 10 കോടി രൂപ വാങ്ങിയെന്നാണു പരാതി. മോൻസനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നു 2021 നവംബറിൽ ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു. 2023 ഫെബ്രുവരിയിൽ തിരിച്ചെടുത്തു. സെപ്റ്റംബറിൽ വീണ്ടും സസ്പെൻഡ് ചെയ്തു.

English Summary:

IG Lakshman returns kerala police after suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com