‘കാഫിർ’ സ്ക്രീൻഷോട്ട്: വ്യാജരേഖ ചമച്ചതിനുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തതായി പൊലീസ്
Mail This Article
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ വ്യാജരേഖ ചമച്ചതിനുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തതായി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം നൽകിയ ഹർജിയുടെ തുടർവാദത്തിനിടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇക്കാര്യങ്ങൾ കേസിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പൊലീസിനോട് നിർദേശിച്ചിരുന്നു.
സ്ക്രീൻഷോട്ട് പ്രചരിപ്പിക്കുകയും മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നും കാട്ടി ഖാസിം പരാതി നൽകിയിട്ടും അദ്ദേഹത്തെ കേസിൽ വാദിയായി കാണിച്ചിട്ടില്ല എന്ന് ഹർജിക്കാരൻ ഇന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകാനും കോടതി ഇന്ന് നിർദേശിച്ചിട്ടുണ്ട്. കേസ് സെപ്റ്റംബർ 9ന് വീണ്ടും പരിഗണിക്കും.