ADVERTISEMENT

കോഴിക്കോട്∙ എ.കെ.ശശീന്ദ്രൻ മന്ത്രി പദവിയിൽ തുടരണോ എന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിർണായകം. മുഖ്യമന്ത്രി പിണറായി വിജയനെയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് തോമസ് കെ.തോമസ് എംഎൽഎയുടെ ശ്രമം. ഒന്നാം പിണറായി സർക്കാരിലും മന്ത്രിയായിരുന്ന ശശീന്ദ്രൻ തനിക്കായി മാറി നിൽക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ പിന്തുണയോടെ തോമസ് ആവശ്യപ്പെടുന്നത്. സ്ഥാനം ഒഴിയില്ലെന്നു പറയുന്നുണ്ടെങ്കിലും പാർട്ടി തീരുമാനത്തിന് ശശീന്ദ്രന് വഴങ്ങേണ്ടിവരും. മന്ത്രി പദത്തിനു പകരമായി പാർട്ടിയിൽ പദവി നൽകാനും ആലോചനയുണ്ട്. ചർച്ചകളിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തും.

ശശീന്ദ്രന്‍ രാജിവയ്ക്കണോ എന്നത് എൻസിപിയുടെ തീരുമാനമാണെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ശശീന്ദ്രൻ ഭീഷണിപ്പെടുത്തിയതുപോലെ എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരും. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് നേരിടുക എന്നത് ഒട്ടും ഉചിതമായ നീക്കമാകില്ല. രാജിയുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും എൽഡിഎഫിൽ നടന്നിട്ടില്ലെന്നാണ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞത്. ശശീന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ എൽഡിഎഫ് നേതാക്കൾ ആരംഭിച്ചു.

എ.കെ.ശശീന്ദ്രനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. വയനാട്ടിൽ വനംവകുപ്പിനെതിരെ വൻ പ്രതിഷേധം നടക്കുമ്പോൾ മന്ത്രി ചികിത്സയിലായിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ കൈവിട്ടു പോയത്. 2026 ആകുമ്പോഴേക്കും ശശീന്ദ്രന് 80 വയസ്സാകും. വീണ്ടും ഒരു തിരഞ്ഞെടുപ്പ് നേരിടാനോ ജയിക്കാനോ മന്ത്രിയാകാനോ സാധ്യതയില്ല. ഇപ്പോൾ രാജിവച്ചാൽ പിന്നെ മന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരവുണ്ടാകില്ല. ഇതോടെയാണ് ഒരുകാരണവശാലും രാജി വയ്ക്കില്ലെന്നും, അഥവാ രാജി വയ്ക്കേണ്ടി വന്നാൽ എംഎൽഎ സ്ഥാനവും രാജി വയ്ക്കുമെന്നും ശശീന്ദ്രന്‍ ഭീഷണിയുടെ സ്വരം മുഴക്കിയത്. പിണറായി സർക്കാരിലെ ആദ്യ മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കേണ്ടി വന്നെങ്കിലും വീണ്ടും അതേ മന്ത്രിസഭയിൽ തിരിച്ചെത്താൻ ശശീന്ദ്രനായി. ഇത്തവണ രാജിവച്ചാൽ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് മറ്റാരെക്കാളും നന്നായി ശശീന്ദ്രന് അറിയാം.  

മന്ത്രിപദത്തിനായി ഏറെ നാളായി വിയർപ്പൊഴുക്കുകയാണ് തോമസ് കെ. തോമസ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് രംഗത്തെത്തിയിരുന്നു. അത് നടക്കാതെ വന്നതോടെ രണ്ടരവര്‍ഷം കഴിഞ്ഞ് മാറണമെന്ന ഉപാധിവച്ചു. അതിനും എ.കെ. ശശീന്ദ്രന്‍ വഴങ്ങിയില്ല. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്‍റെ പിടിവള്ളി. അടുത്തിടെ പി.സി.ചാക്കോ, തോമസ് കെ.തോമസുമായി അടുത്തതോടെയാണ് ശശീന്ദ്രന്റെ നില പരുങ്ങലിലായത്. 

തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നാണ് ചാക്കോയുടെയും നിലപാട്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷൻമാരും ശശീന്ദ്രൻ രാജിവയ്ക്കണമെന്ന നിലാപാടിലാണ്. പാർട്ടി ദേശീയ അധ്യക്ഷനേയും കാണാൻ പി.സി.ചാക്കോ നീക്കം നടത്തുന്നുണ്ട്. എംഎൽഎ സ്ഥാനം രാജി വയ്ക്കുമെന്ന് ശശീന്ദ്രൻ പ്രഖ്യാപിച്ചതിൽ എൻസിപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. എത്രയും വേഗം തീരുമാനം വേണമെന്ന നിലപാടിലാണ് തോമസ് കെ.തോമസ്.

English Summary:

NCP Central Leadership to Decide on A.K. Saseendran's Ministerial Position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com