‘സിപിഎമ്മിനെ കേരളത്തില്‍ കുഴിച്ചുമൂടി വാഴ വച്ചിട്ടേ പിണറായി വിജയന്‍ പോകൂ; സർക്കാർ എരിഞ്ഞടങ്ങും’
Mail This Article
തിരുവനന്തപുരം∙ സ്വര്‍ണക്കള്ളക്കടത്തിന്റെ ഭാഗമായി എഡിജിപിയുടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയും അറിവോടെ രണ്ട് കൊലപാതകങ്ങളാണ് നടന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊല്ലപ്പെട്ട മാമിയുടെ ഭാര്യയും അന്വേഷണ ഉദ്യോഗസ്ഥനും സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിറച്ചു നില്‍ക്കുകയാണ്. ആ കൊലപാതകത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനും ബന്ധമില്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് അന്വേഷണത്തിന് സമ്മതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കാത്തതെന്നും വി.ഡി.സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി അങ്കിള്‍ ആണെന്നു പറഞ്ഞാണ് മലപ്പുറത്ത് ഒരുത്തന്‍ ചിലതൊക്കെ ചെയ്തത്. അപകടത്തില്‍പ്പെട്ടാല്‍ ഒരു അങ്കിളും ഉണ്ടാകില്ല രക്ഷിക്കാനെന്ന ഓര്‍മ ഈ ഉദ്യോഗസ്ഥര്‍ക്കുണ്ടെങ്കില്‍ നല്ലത്. സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന പൊലീസിനെയാണ് ഏറാന്‍മൂളികളുടെ സംഘമാക്കി മാറ്റിയത്. ഒരുത്തന്‍ എംഎല്‍എയുടെ കാലുപിടിക്കുകയും മറ്റ് എസ്പിമാരെ കുറിച്ച് അസഭ്യം പറയുകയുമാണ്. എഡിജിപി സ്വര്‍ണക്കടത്തുകാരനും കള്ളനുമാണെന്ന് പറഞ്ഞവനെ സസ്‌പെന്‍ഡ് ചെയ്യാന്‍ 4 ദിവസമെടുത്തു. നല്ല പൊലീസുകാരെ കൂടി പറയിപ്പിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്.
നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. സര്‍ക്കാരാണോ അതോ മഫിയ സംഘമാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നത് സ്വര്‍ണക്കള്ളക്കടത്ത് ആരോപണമായിരുന്നു. ആ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ നൂറു ദിവസം ജയിലില്‍ കിടന്നു. മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്ന് തെളിയിക്കപ്പെട്ടു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ പിന്തുണയോടെയാണ് പിണറായി ഉള്‍പ്പെടെയുള്ളവര്‍ അന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്‍പ് ഇവര്‍ കേന്ദ്ര സര്‍ക്കാരുമായും ബിജെപിയുമായും അവിഹിത ബാന്ധവമുണ്ടാക്കി. അതിന്റെ ബലത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തുടരുന്നത്. മാഫിയാ സംഘങ്ങളും വളരുകയാണ്.
ഇപ്പോള്‍ ഭരണകക്ഷി എംഎല്‍എയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചതാണ്. ഇപ്പോള്‍ ആ ഉപജാപകസംഘം ചെയ്ത തെറ്റുകള്‍ ഓരോന്നായി ഭരണകക്ഷി എംഎല്‍എ തന്നെ പുറത്തു പറയുകയാണ്. ഇഎംഎസിന്റെ കാലം മുതല്‍ ഇന്നുവരെ ഏതെങ്കിലും ഒരു ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടിയിട്ടുണ്ടെങ്കില്‍ അധികാരത്തില്‍ ഇരുന്നവര്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ മിണ്ടാട്ടമില്ല. മുഖ്യമന്ത്രിയുടെ ഉപജാപകസംഘത്തില്‍ ഉള്‍പ്പെട്ട ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ സ്വര്‍ണക്കള്ളക്കടത്തിന് കൂട്ടു നില്‍ക്കുന്നുവെന്നാണ് ആരോപണം. കസ്റ്റംസ് ഏരിയയില്‍ നിന്നും നിയമവിരുദ്ധമായി പൊലീസ് സ്വര്‍ണം പിടിച്ച് മറ്റൊരു കേന്ദ്രത്തില്‍ കൊണ്ടുവന്ന് ആ സ്വര്‍ണത്തില്‍ നിന്നും മുക്കാല്‍ ഭാഗവും അടിച്ചുമാറ്റി കാല്‍ ഭാഗം മാത്രം കേസെടുക്കുന്നതിന് വേണ്ടി കസ്റ്റംസിന് കൈമാറുന്നു.
സ്വര്‍ണക്കള്ളക്കടത്തിന് പുറമെ സ്വര്‍ണം പൊട്ടിക്കാന്‍ വരെ മടിക്കാത്തവരുടെ സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരിക്കുന്നത്. എസ്പി ഓഫീസിലെ മരം വരെ വെട്ടിമാറ്റുകയാണ്. ഇവര്‍ കുറച്ചു നാള്‍ കൂടി ഇരുന്നാല്‍ ഈ സെക്രട്ടേറിയറ്റിനെ വരെ വീട്ടില്‍ കൊണ്ടു പോകും. കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറി. ഓണ്‍ലൈന്‍ ചാനല്‍ ഉടമയുടെ കയ്യില്‍ നിന്നും രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതും ഭരണകക്ഷി എംഎല്‍എയാണ്. പ്രതിയെ പിടിക്കാന്‍ പൊലീസുകാര്‍ പോയപ്പോള്‍ എഡിജിപി തന്നെ ഒറ്റുകൊടുത്തെന്നും ആരോപണമുണ്ട്. എല്ലാ ഒറ്റുകാരും മുഖ്യമന്ത്രിയുടെ ഓഫിസിലാണ്.
എഡിജിപി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ദൂതനായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചെന്ന ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എന്ത് കാര്യമാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി പിണറായി വിജയന് സംസാരിക്കാനുള്ളത്? ബിജെപിക്ക് തൃശൂരില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കാമെന്ന് പറയാനാണ് പിണറായി വിജയന്‍ എഡിജിപിയെ അയച്ചത്. അതിന് പകരമായി കേസില്‍പ്പെടുത്തരുതെന്ന ആവശ്യവും മുന്നോട്ടു വച്ചു. ബിജെപിക്ക് വേണ്ടിയാണ് പൊലീസ് ഇടപെട്ട് തൃശൂര്‍ പൂരം കലക്കിയത്. കമ്മിഷണര്‍ അഴിഞ്ഞാടിയപ്പോള്‍ എഡിജിപി അജിത് കുമാര്‍ തൃശൂരിലുണ്ടായിരുന്നു. അജിത്കുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെ ബിജെ.പിക്ക് വേണ്ടിയാണ് പൂരം കലക്കിയത്. പൂരം കലക്കി പിണറായി വിജയന്‍ എന്നാകും മുഖ്യമന്ത്രി അറിയപ്പെടുക. പൂരം കലക്കാന്‍ മുഖ്യമന്ത്രിയുമായി ഗൂഢാലോചന നടത്തിയ ബിജെപിയാണോ ഹിന്ദുക്കളുടെ സംരക്ഷകര്‍? ന്യൂനപക്ഷ പ്രേമമുള്ള സിപിഎമ്മാണ് ബിജെപിയുമായി ചേര്‍ന്ന് പൂരം കലക്കാന്‍ ഇറങ്ങിയത്. നിയമവിരുദ്ധമായ നടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ബിജെപിയുടെ കുട ചൂടുന്നത്. ബിജെപിയുടെ തണലിലാണ് പിണറായി വിജയന്‍ ജീവിക്കുന്നതു തന്നെ.
പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് ഒരു പാവം ഡിജിപിയാണ്. ശശിയെയും അജിത് കുമാറിനെയും മാറ്റി നിര്‍ത്താനുള്ള ധൈര്യം പിണറായി വിജയനില്ല. നേരത്തെ എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും മറുപടി പറയാന്‍ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി വിജയന്‍. ഭീരുവായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഇതൊക്കെ കേരളം കണ്ടു കൊണ്ടിരിക്കുകയാണ്. ആളിക്കത്തുന്ന ജനവികാരത്തില്‍ സര്‍ക്കാര്‍ എരിഞ്ഞടങ്ങും. സിപിഎമ്മിനെ കേരളത്തില്‍ കുഴിച്ചു മൂടി വാഴ വച്ചിട്ടേ പിണറായി വിജയന്‍ പോകൂ. അതിന്റെ കര്‍മ്മങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബംഗാളിലെ തനിയാവര്‍ത്തനമാകും കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി തല്ലി. അവിടെ ഇരിക്കുന്നവന്‍മാരെ സംരക്ഷിക്കാന്‍ ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അമതാധികാരം പ്രയോഗിച്ചാല്‍ ഒറ്റ ഒരാളെയും വെറുതെ വിടില്ല. ഇന്നലെ കാട്ടിയത് അമിതാധികാരമാണ്. അങ്ങനെ അധികാരമൊന്നും പൊലീസിന് ആരും നല്‍കിയിട്ടില്ല. മുകളില്‍ ഇരിക്കുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി ചെയ്ത ഒരാള്‍ നടക്കുന്നത് കണ്ടല്ലോ? ഒരാളും ഉണ്ടാകില്ല സംരക്ഷിക്കാന്‍. – പ്രതിപക്ഷ നേതാവ് പറഞ്ഞു.