വിനേഷും ബജ്രംഗും ഔദ്യോഗികമായി കോൺഗ്രസിൽ; വിനേഷ് റെയിൽവേ ജോലി രാജിവച്ചു, ഹരിയാനയിൽ മത്സരിക്കും
Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര ഗുസ്തിയിലെ സൂപ്പർ താരങ്ങളായിരുന്ന വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വീട്ടിലെത്തി കണ്ട ശേഷം, പാർട്ടി ആസ്ഥാനത്തു സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
നോർത്തേൺ റെയിൽവേയിൽ ഡപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ട് തസ്തികയിൽ നിന്നു രാജിവച്ചാണ് വിനേഷിന്റെ (30) രാഷ്ട്രീയപ്രവേശം. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാനയിൽ വിനേഷ് ഫോഗട്ട് മത്സരിക്കും. സ്ഥാനാർഥിയാകുമെന്നു കരുതിയെങ്കിലും ബജ്‌രംഗ് പുനിയയ്ക്ക് (30) തൽക്കാലം പ്രചാരണ ചുമതല മാത്രമാകും.
അഖിലേന്ത്യ കർഷക കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായി ബജ്‌രംഗ് പുനിയയെ നിയമിച്ചു. കർഷകരെ സേവിക്കാൻ കഴിയുന്ന ഇടമാണ് തനിക്കു പാർട്ടിയിൽ വേണ്ടതെന്ന് പുനിയ സൂചിപ്പിച്ചിരുന്നു. ഒരു കായികതാരത്തിനും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്നു പറഞ്ഞ വിനേഷ്, ഇതു പുതിയ തുടക്കമാണെന്നു പ്രതികരിച്ചു.
‘ഭയക്കുകയോ പിന്മാറുകയോ ഇല്ല. ബ്രിജ് ഭൂഷണെതിരായ കേസ് തുടരുന്നു. ലൈംഗികാതിക്രമ പരാതിയിൽ, പ്രതിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ബിജെപിക്ക്. ജന്തർ മന്തർ സമരത്തിനു പിന്നാലെ ബിജെപി ഐടി സെൽ എന്നെ തകർക്കാൻ ശ്രമിച്ചു. ദേശീയ ചാംപ്യൻഷിപ്പിലും ട്രയലിലും ഒളിംപിക്സിലും ഞങ്ങൾ പങ്കെടുക്കില്ലെന്ന് അവർ പ്രചരിപ്പിച്ചു. അതെല്ലാം നേടി. ഒളിംപിക്സിലെ മെഡൽ നേട്ടം ദൈവഹിതമായിരുന്നില്ല’– വിനേഷ് പറഞ്ഞു.