‘വിശ്വസിക്കരുത്, എന്നെ ചതിച്ചവരാണവർ’; സ്വന്തം മകളെയും മരുമകനെയും നദിയിലെറിയണമെന്ന് മഹാരാഷ്ട്ര മന്ത്രി
Mail This Article
മുംബൈ∙ ‘വിശ്വാസവഞ്ചന’ കാട്ടിയ മകൾ ഭാഗ്യശ്രീയെയും ഭർത്താവ് ഋതുരാജ് ഹൽഗേക്കറിനെയും നദിയിലെറിയാൻ വോട്ടർമാരോട് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി. മഹാരാഷ്ട്ര ഭക്ഷ്യമന്ത്രിയും എൻസിപി നേതാവുമായ ധർമറാവു ബാബ അത്രമാണ് സ്വന്തം മകളെയും മരുമകനെയും നദിയിലെറിയാൻ ആവശ്യപ്പെട്ടത്. ഭാഗ്യശ്രീയും ഭർത്താവും ശത്രുപക്ഷമായ എൻസിപി ശരദ് പവാർ സഖ്യത്തിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതിനു പിന്നാലെയാണ് അത്രത്തിന്റെ പ്രതികരണം.
എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു അത്രത്തിന്റെ വിവാദ പരാമർശം. ‘ ആളുകൾ പാർട്ടി വിടും. അവർക്ക് വലിയ ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ല. എന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എന്റെ കുടുംബത്തിലെ ചിലർ മറ്റൊരു പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ട്. 40 വർഷമായി സംസ്ഥാന രാഷ്ട്രീയത്തിൽ കൂറുമാറ്റം നടത്തുന്നു. ഇപ്പോൾ ശരദ് പവാർ വിഭാഗത്തിന്റെ നേതാക്കൾ എന്റെ കുടുംബത്തെ വിഭജിച്ച് എന്റെ മകളെ എനിക്കെതിരെ നിർത്താൻ ആഗ്രഹിക്കുന്നു.
എന്റെ മകളെയും മരുമകനെയും വിശ്വസിക്കരുത്. എന്നെ ചതിച്ചവരാണവർ. ഇവരെ പ്രാൺഹിത നദിയിലെറിയണം. സ്വന്തം പിതാവിന് നല്ലൊരു മകളാകാൻ കഴിയാത്തയാൾ എങ്ങനെ നിങ്ങളുടേതാകും ? അവൾക്ക് എന്ത് നീതി നിങ്ങൾക്കു നൽകാനാകും? അവരെ വിശ്വസിക്കരുത്. രാഷ്ട്രീയത്തിൽ ആരെയും എനിക്ക് മകളെന്നും സഹോദരനെന്നും സഹോദരിയെന്നും കാണാനാവില്ല’–അത്രം പറഞ്ഞു. ഒരു മകൾ തന്നെ കൈവിട്ടെങ്കിലും തന്റെ മറ്റൊരു മകളും മകനും സഹോദരനും ബന്ധുവിന്റെ പുത്രനും തനിക്കൊപ്പം ശക്തമായുണ്ടെന്നും അത്രം പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ അഹേരി മണ്ഡലത്തിൽ എൻസിപി സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് ധർമറാവു അത്രം