ADVERTISEMENT

ന്യൂഡൽഹി∙ റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും സന്ദർശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനം.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കണ്ടശേഷം നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയ, നയതന്ത്ര ചർച്ചകളിലൂടെ യുക്രൈയ്ൻ–റഷ്യ പ്രശ്ന പരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി, റഷ്യൻ പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഈ ഫോണ്‍ ചർച്ചയിലാണ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയയ്ക്കാൻ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സന്ദർശന തീയതി സംബന്ധിച്ച് വ്യക്തതയില്ല. സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമാധാനത്തിനായി ഇരു രാജ്യങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും നിർദേശിച്ചിരുന്നു. കഴിഞ്ഞ മാസം യുക്രെയ്ൻ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി സംഘർഷം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യ സമാധാനത്തിന്റെ ഭാഗത്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

‘‘ നിഷ്പക്ഷ നിലപാടല്ല. ഞങ്ങൾ ഒരു പക്ഷത്താണ്; അതു സമാധാനത്തിന്റെ പക്ഷമാണ്. അവിടെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു’’–പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് പ്രശ്ന പരിഹാരത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് റഷ്യൻ അധികൃതരും വ്യക്തമാക്കിയിരുന്നു. യുക്രെയ്നിൽ എത്രയും വേഗം സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്താൻ ഇന്ത്യ ഒരുക്കമാണെന്നു പറഞ്ഞ മോദി, വ്യക്തിപരമായി ഇടപെടാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിന് അവസാനം കാണാൻ റഷ്യയും യുക്രെയ്‌നും ഉള്ളുതുറന്നു ചർച്ച നടത്തണമെന്നും പ്രായോഗികമായ ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാകൂവെന്നും ചർച്ചയ്ക്കു ശേഷം ഇന്ത്യ വ്യക്തമാക്കിരുന്നു. 

English Summary:

Ajit Doval Headed To Moscow As PM Modi Tries To Broker Russia-Ukraine Peace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com