ഗുരുവായൂർ അമ്പലനടയിൽ കല്യാണമഹാമഹം; 354 വിവാഹങ്ങൾ, റെക്കോർഡ്
Mail This Article
തൃശൂർ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹം. 354 വിവാഹങ്ങൾക്കാണ് ബുക്കിങ്ങുള്ളത്. എണ്ണം 363 വരെ എത്തിയെങ്കിലും 9 വിവാഹ സംഘങ്ങൾ എത്തുകയില്ലെന്ന് ദേവസ്വത്തെ അറിയിച്ചു. ഇതോടെ എണ്ണം 354 ആയി. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്.
നിലവിലുള്ള 4 കല്യാണ മണ്ഡപങ്ങൾക്കു പുറമേ ക്ഷേത്രത്തിനു മുന്നിൽ തെക്കും വടക്കുമായി 2 താൽക്കാലിക മണ്ഡപങ്ങൾ കൂടി സ്ഥാപിച്ചു. വധൂവരന്മാർക്കും വിവാഹ സംഘത്തിനും ടോക്കൺ എടുത്തതിനു ശേഷം വിശ്രമിക്കുന്നതിനു മേൽപുത്തൂർ ഓഡിറ്റോറിയത്തിനു സമീപം നിർമിച്ച പന്തലിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കി. ഇവിടെ നിന്ന് ക്രമം അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥർ കല്യാണ മണ്ഡപത്തിൽ എത്തിക്കും. പുലർച്ചെ 4ന് വിവാഹങ്ങൾ ആരംഭിച്ചു.
6 മണ്ഡപത്തിലും ചടങ്ങു നടത്താൻ ആചാര്യന്മാരും 2 നാഗസ്വര സംഘവും ഉണ്ടാകും. ഒരു വിവാഹ സംഘത്തിൽ ഫൊട്ടോഗ്രഫർ അടക്കം 24 പേർക്കാണ് പ്രവേശനം. വാഹനങ്ങൾ റോഡ് വക്കിൽ പാർക്ക് ചെയ്യരുത്. ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വൺവേ ആയിരിക്കും.