ലൈംഗിക പീഡന പരാതി പരിഹരിക്കാൻ ഐസിസി ശക്തമാക്കി നടികർ സംഘം; രോഹിണി അധ്യക്ഷ
Mail This Article
ചെന്നൈ ∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മലയാളത്തിന്റെ ചുവടുപിടിച്ച് തമിഴ് സിനിമയും. ചലച്ചിത്ര വ്യവസായത്തിലെ ലൈംഗിക പീഡന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി (ഐസിസി) നടികർ സംഘം (സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ) പുനഃസംഘടിപ്പിച്ചു. നടി രോഹിണിയെ ഐസിസി അധ്യക്ഷയായി ചെന്നൈയിൽ ചേർന്ന പൊതുയോഗം തിരഞ്ഞെടുത്തു.
നടികർ സംഘം പ്രസിഡന്റ് എം.നാസർ, ജനറൽ സെക്രട്ടറി വിശാൽ, ട്രഷറർ കാർത്തി, വൈസ് പ്രസിഡന്റുമാരായ പൊൻവണ്ണൻ, കരുണാസ്, നടി രോഹിണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 2019ൽ നിലവിൽവന്ന ഐസിസിയുടെ അധ്യക്ഷയായി രോഹിണിയെ നിയമിച്ച് സമിതി ശക്തിപ്പെടുത്തിയതായി നാസർ പറഞ്ഞു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുകയും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയുമാണു സമിതിയുടെ ചുമതല.
‘‘2019ൽ ആരംഭിച്ചതു മുതൽ ഐസിസി നിരവധി പരാതികൾ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ സമീപനം ആവശ്യമാണ്. സമിതിയുടെ പ്രവർത്തനങ്ങളും അന്വേഷണങ്ങളും ഊർജിതമാക്കും. നടീനടന്മാർക്ക് മാത്രമല്ല, എല്ലാ വ്യക്തികൾക്കും സമീപിക്കാം. പരാതികൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ഫോൺ നമ്പറും ഇമെയിൽ വിലാസവും ഒരുക്കും. കുറ്റക്കാരെ 5 വർഷം സിനിമയിൽനിന്നു വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെടുക്കും’’– രോഹിണി പറഞ്ഞു.