തലസ്ഥാനമെന്ന് പേര്, തലതിരിഞ്ഞ സർക്കാർ; പൈപ്പിന് 90 വർഷം പഴക്കം, നെട്ടോട്ടമോടി നാട്ടുകാർ
Mail This Article
തിരുവനന്തപുരം ∙ ജനത്തിന് ആശ്വാസമായി പാതിരാത്രിയിൽ വെള്ളമെത്തിയെങ്കിലും നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ നാലു ദിവസത്തോളമെടുത്തത് സർക്കാരിന്റെയും ജല അതോറിറ്റിയുടെയും പിടിപ്പുകേട്. ആസൂത്രണം ഇല്ലാതെ ജോലികൾ തുടങ്ങിയതിനാലാണു കൃത്യസമയത്തു പൂർത്തിയാക്കാൻ കഴിയാത്തതെന്നാണ് ആക്ഷേപം. അടിയന്തര സാഹചര്യങ്ങളിൽ പൈപ്പ് ലൈനുകൾ മാറ്റുമ്പോഴോ അറ്റകുറ്റപ്പണികൾ നടത്തുമ്പോഴോ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. നിരുത്തരവാദപരമായ സമീപനം കാരണം നഗരത്തിലും പ്രാന്തപ്രദേശത്തും താമസിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരാണു പ്രയാസപ്പെടുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുമ്പോൾ ജോലിയുടെ വിശദാംശങ്ങൾ സൂപ്രണ്ടിങ് എൻജിനീയർ, ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിനു മുന്നിൽ അവതരിപ്പിച്ച് അനുമതി തേടണം. നിശ്ചയിച്ച സമയത്ത് ജോലി പൂർത്തിയായില്ലെങ്കിൽ പകരം സംവിധാനവും ഒരുക്കണം. റെയിൽവേ ലൈനിലെ പൈപ്പ് മാറ്റുന്നതിൽ ഇക്കാര്യങ്ങളൊന്നും ജല അതോറിറ്റി ചെയ്തിട്ടില്ലെന്നാണു വിവരം.
പൈപ്പുകൾ മാറ്റിയിട്ട് ബലപ്പെടുത്തിയശേഷമാണ്, ബന്ധിപ്പിക്കുന്ന (ഇന്റർകണക്‌ഷൻ) ജോലിക്കായി വാൽവ് അടയ്ക്കേണ്ടത്. എന്നാൽ, വാൽവ് അടച്ചതിനു ശേഷമാണ് ഇത്തവണ പൈപ്പ് സ്ഥാപിക്കാനുള്ള ജോലി തുടങ്ങിയത്. ഇത്തരം സാഹചര്യങ്ങളിൽ ജലഅതോറിറ്റി തന്നെ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ സംവിധാനം ഏർപ്പെടുത്തുകയും ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. നേരത്തേ ഇതുപോലെ സംഭവിച്ചപ്പോൾ പ്രധാന സ്ഥലങ്ങളിൽ കിയോസ്ക് സ്ഥാപിച്ച് ജലലഭ്യത ഉറപ്പാക്കിയിരുന്നതുമാണ്. ഇത്തവണ പക്ഷേ അനാസ്ഥയാണു മുന്നിൽനിന്നത്.
അരുവിക്കര ശുദ്ധജല സംഭരണിയിൽ നിന്നാണ് തിരുവനന്തപുരം നഗരത്തിലേക്കു കുടിവെള്ളമെത്തുന്നത്. അരുവിക്കരയിൽ പമ്പിങ് മുടങ്ങിയാൽ നഗരത്തിന്റെ വെള്ളംകുടി മുട്ടും. ദിവസവും 375 ദശലക്ഷം ലിറ്റർ വെള്ളമാണ് അരുവിക്കരയിൽനിന്നു പമ്പു ചെയ്യുന്നത്. അരുവിക്കരയിൽ നാലും വെള്ളയമ്പലത്ത് ഒന്നും പിടിപി നഗറിൽ ഒന്നും ഉൾപ്പെടെ ആകെ 6 ജലശുദ്ധീകരണ പ്ലാന്റുകളാണു ജല അതോറിറ്റിക്കുള്ളത്. അരുവിക്കരയിൽനിന്ന് നഗരത്തിലേക്ക് 4 വലിയ പൈപ്പ് ലൈനുകളുണ്ട്. ഇവയിൽ ഭൂരിഭാഗവും 90 വർഷം മുൻപ് സ്ഥാപിച്ചതാണ്. മണ്ണും അഴുക്കും നിറഞ്ഞ് ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന ഇവയെല്ലാം മാറ്റി സ്ഥാപിക്കാനും ഇതുവരെ ജല അതോറിറ്റി തയാറായിട്ടില്ല.