ADVERTISEMENT

ന്യൂഡൽഹി∙ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സുപ്രീം കോടതി. വ്യവസ്ഥിതിയിൽ പരിശുദ്ധി ഉറപ്പാക്കിയേ മതിയാകൂ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കേസിലെ പുനരന്വേഷണത്തിനെതിരെ ആന്റണി രാജു നൽകിയ ഹർജിയിൽ വാദം കേൾക്കൽ പൂർത്തിയായി. ഹർജികൾ വിധി പറയാനായി മാറ്റിയിട്ടുണ്ട്.

കേസിൽ നിലപാട് മയപ്പെടുത്തിയ സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി തിരുത്തി. സത്യവാങ്മൂലത്തിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാൻ സാധിക്കുകയില്ലെന്ന് വ്യക്തമാക്കിയ കോടതി സത്യം കണ്ടെത്തുന്നതിന് ഏതറ്റം വരെയും പോകുമെന്നും സിബിഐ അന്വേഷണം വരെ നിർദേശിക്കാൻ അവകാശമുണ്ടെന്നും വ്യക്തമാക്കി. 

തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്നും കേസ് ഗുരുതരം ആണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ  കേസില്‍ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്‍റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാൻ വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്നാണ് ആരോപണം. ആന്‍റണി രാജുവിന്‍റെ സീനിയറായ അഭിഭാഷക സെലിൻ വിൽഫ്രഡാണ് വിദേശിക്കുവേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വ‍ർഷത്തേക്ക് ശിക്ഷിച്ചു. പക്ഷേ ഹൈക്കോടതി സാർലിയെ വെറുതെവിട്ടു.

പ്രധാന തൊണ്ടിമുതലായ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്താണ് വെറുതെവിട്ടത്. തൊണ്ടിമുതലിൽ കൃത്രിമമുണ്ടായെന്ന് സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 1994ലാണ് വഞ്ചിയൂർ പൊലീസ് ഇതു സംബന്ധിച്ച് കേസെടുക്കുന്നത്. തിരുവനന്തപുരം കോടതിയിലെ തൊണ്ടി ക്ലർക്കായ ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേർന്നാണ് തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചത് എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.

English Summary:

Supreme Court Demands Justice in Antony Raju Tampering Case, Hints at CBI Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com