പ്രവർത്തകന്റെ തലയടിച്ചു തകർത്ത കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ്
Mail This Article
പത്തനംതിട്ട∙ ബിജെപി വിട്ട് രണ്ടു മാസം മുൻപ് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന കൺവെൻഷനിലാണ് തീരുമാനം. ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു തകർത്ത സംഭവത്തിൽ പ്രതിയായ ഇയാൾ സിപിഎമ്മിൽ ചേരുന്നതിന് മുൻപും ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരെയും ആക്രമിച്ച കേസുകളിൽ പ്രതിയാണ്.
മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ഇയാൾ സിപിഎമ്മിൽ ചേർന്നത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കോന്നി ബ്ലോക്ക് കമ്മിറ്റിയിൽ ശരൺ ചന്ദ്രനെ ഉൾപ്പെടുത്താനായിരുന്നു പാർട്ടി നേതൃത്വം ആദ്യം ആലോചിച്ചതെങ്കിലും എതിർപ്പ് ശക്തമായതിനെ തുടർന്നാണ് മേഖലാ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായി നിയമിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
കഴിഞ്ഞയാഴ്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബീയർ കുപ്പി കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചത് ശരൺ ചന്ദ്രനാണെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സൽക്കാര ചടങ്ങിനിടെയായിരുന്നു സംഭവം. എന്നാൽ ഭീഷണിയെ തുടർന്ന് രാജേഷ് അന്ന് പരാതി നൽകിയില്ലെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രിയോടെയാണ് പൊലീസിൽ പരാതി കിട്ടിയത്. തുടർന്ന് നിസാര വകുപ്പുകൾ ചുമത്തി ശരണിനെതിരെ കേസെടുത്തിരുന്നു.
കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രൻ ഉൾപ്പെടെ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായതിനു പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകനെ തന്നെ ഇയാൾ ആക്രമിച്ചത്. ഈ കേസ് നിലനിൽക്കെ തന്നെയാണ് ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി ശരൺ ചന്ദ്രനെ തിരഞ്ഞെടുത്തിരിക്കുന്നത്.