കേരള സർവകലാശാലയിൽ എസ്എഫ്ഐ–കെഎസ്‌യു സംഘർഷം; സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി
Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനിടെ എസ്എഫ്ഐ–കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. ബാലറ്റ് കാണാതായതാണ് സംഘർഷത്തിൽ കലാശിച്ചത്. സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി സർവകലാശാല അറിയിച്ചു. തുടർനടപടികൾ പിന്നീട് അറിയിക്കും.
ബാലറ്റ് പേപ്പറുകൾ കാണാനില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായത്. 15 ബാലറ്റുകൾ കാണാതായതിനെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചു. വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. വോട്ടെണ്ണൽ നടന്ന സെനറ്റ് ഹാളിനു മുന്നിൽ കെഎസ്‌യുവും എസ്എഫ്ഐയും പ്രതിഷേധിച്ചു.
സെനറ്റിലേക്ക് രണ്ട് സീറ്റുകളിൽ കെഎസ്‌യു വിജയിച്ചെന്നും തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ സംഘർഷമുണ്ടാക്കിയെന്നും കെഎസ്‌യു ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകർ വോട്ട് വിഴുങ്ങിയെന്ന ആരോപണവും കെഎസ്‌യു ഉന്നയിച്ചു. കെഎസ്‌യു വോട്ടുകൾ മാറ്റിയതായി എസ്എഫ്ഐയും ആരോപിച്ചു. അക്രമം കാണിച്ച കെഎസ്‌യു പ്രവർത്തകരെ അറസ്റ്റു ചെയ്യണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.