വാളയാർ പെൺകുട്ടികളെക്കുറിച്ച് മോശം പരാമർശം: അന്വേഷണ ഉദ്യോഗസ്ഥനെതിരായ കേസ് റദ്ദാക്കി
Mail This Article
കൊച്ചി ∙ വാളയാർ പെൺകുട്ടികളെക്കുറിച്ച് മോശം പരാമർശം നടത്തിയതിന് അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജനെതിരെ ചുമത്തിയിരുന്ന പോക്സോ നിയമപ്രകാരമുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. മരിച്ച പെൺകുട്ടികളെ താഴ്ത്തിക്കെട്ടുന്ന വിധത്തിലുള്ള സോജന്റെ പരാമർശം ആധികാരികത പരിശോധിക്കാതെ സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവർത്തകനുമെതിരെ ആവശ്യമെങ്കിൽ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.
മാധ്യമ പ്രവർത്തകനും ചാനലിലെ മറ്റുള്ളവർക്കുമെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കുന്നതിന് ഉത്തരവിന്റെ പകർപ്പ് ഡിജിപിക്ക് അയച്ചു കൊടുക്കാനും ജസ്റ്റിസ് എ.ബദറുദീൻ ഉത്തരവിട്ടു. ഏതെങ്കിലും മാധ്യമത്തിന് തന്റെ അറിവോടും സമ്മതത്തോടും കൂടി സോജൻ അഭിമുഖം നൽകുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ ഒന്നാം സാക്ഷിയായ മാധ്യമപ്രവർത്തകന്റെ മൊഴിയിൽനിന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. വാളയാർ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന സോജൻ പെൺകുട്ടികളെക്കുറിച്ച് തന്നോടു പറഞ്ഞ വാക്കുകൾ മാധ്യമപ്രവർത്തകൻ രഹസ്യമായി റിക്കോർഡ് ചെയ്ത് ചാനലിലൂടെ പുറത്തു വിടുകയായിരുന്നു.
ഈ സാഹചര്യത്തിൽ പോക്സോ നിയമത്തിലെ 23 (1) വകുപ്പു പ്രകാരമുള്ള കേസ് സോജനെതിരെ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലല്ലാതെ കുട്ടികളെ ഏതെങ്കിലും വിധത്തിൽ മോശമായി ബാധിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതിനെതിരെയുള്ള വകുപ്പാണിത്. സോജൻ മോശമായ കാര്യം മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടില്ല. മറിച്ച് അയാൾ പറഞ്ഞ മോശം കാര്യം റിക്കോർഡ് ചെയ്ത് ചാനൽ സംപ്രേഷണം ചെയ്യുകയായിരുന്നു. അതുപ്രകാരം പോക്സോയിലെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കേണ്ടത് സംഭാഷണം റിക്കോർഡ് ചെയ്ത മാധ്യമപ്രവർത്തകനും സംപ്രേഷണം ചെയ്ത ചാനലിനും അതിലെ ആളുകൾക്കുമെതിരെയാണ്.
എന്നാൽ കേസിൽ ഇവരെ പ്രതികളായി ഉൾപ്പെടുത്തിയിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. സംപ്രേഷണം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയും അറിവോടെയും സോജൻ എന്തെങ്കിലും പറഞ്ഞതായി പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കേസ് കോടതി റദ്ദാക്കിയത്. അതേസമയം കേസ് റദ്ദാക്കിയെന്ന കാരണത്താൽ മാധ്യമപ്രവർത്തകനും ചാനലിനുമെതിരെ നിയമനടപടി സ്വീകരിക്കാൻ പെൺകുട്ടികളുടെ അമ്മയ്ക്ക് തടസ്സമില്ലെന്നും കോടതി പറഞ്ഞു.