ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കാലത്ത് ബവ്റിജസ് കോർപറേഷനിൽ തൊഴിലാളികൾക്ക് 95,000 രൂപ ബോണസ് ലഭിക്കുമ്പോൾ കെഎസ്ആർടിസിയിൽ ഉത്സവബത്തയും ഓണം അഡ്വാൻസുമില്ല. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾക്കിടയിൽ അമർഷമുണ്ട്.

കഴിഞ്ഞ തവണ ബവ്റിജസ് കോർപറേഷനിൽ 90,000 രൂപയായിരുന്ന ബോണസാണ് ഇത്തവണ വർധിപ്പിച്ചത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണിത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചാണ് നല്‍കുന്നത്. ലാഭവിഹിതമാണ് ബോണസെന്ന പേരിൽ കൈമാറുന്നത്. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്. സർക്കാരിന് മികച്ച വരുമാനം നൽകുന്നതിനാലാണ് ബോണസ് കൂടുതൽ നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പലതവണ സാമ്പത്തിക സഹായം നൽകിയിട്ടും കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെട്ടിട്ടില്ലെന്നും അവർ പറയുന്നു.

കെഎസ്ആർടിസിയിൽ 24,000 രൂപ മുതൽ ശമ്പളം വാങ്ങുന്നവർക്ക് ബോണസിന് അർഹതയില്ല. ജീവനക്കാർക്ക് 7500 രൂപ ഓണം അഡ്വാൻസും 2750 രൂപ ഉത്സവബത്തയും, താൽക്കാലിക ജീവനക്കാർക്കും പെൻഷൻകാർക്കും 1000 രൂപ വീതവും ഉത്സവബത്ത നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 42,216 പെന്‍ഷന്‍കാർക്ക് വിതരണം ചെയ്യാനുള്ള മുഴുവൻ തുകയും അതത് ജില്ലകളിലേക്ക് കേരള ബാങ്കിൽനിന്നും കൈമാറിയിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിലുള്ള കൺസോർഷ്യം രൂപീകരിച്ചു റജിസ്ട്രാർ  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൺസോർഷ്യത്തിലേക്ക് 69.31 കോടി രൂപ സമാഹരിച്ചാണ് പെൻഷൻ നൽകിയത്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി ഇന്നലെ വിതരണം ചെയ്തിരുന്നു. ധനവകുപ്പ് അനുവദിച്ച 30 കോടിയും ദിവസ കലക്‌ഷനിൽനിന്നു ശേഖരിച്ച പണവും ചേർത്താണ് ശമ്പളത്തിനുള്ള 75 കോടി രൂപ കണ്ടെത്തിയത്. 

English Summary:

KSRTC Employees Denied Onam Benefits, Trade Unions Outraged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com