കെ– ഫോണിൽ സിബിഐ അന്വേഷണമില്ല; പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളി ഹൈക്കോടതി
Mail This Article
കൊച്ചി∙ കെ–ഫോൺ പദ്ധതി കരാറിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളി. കെ–ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചട്ടം ലംഘിച്ചുള്ള കരാറും ക്രമക്കേടുകളും നടന്നുവെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു സതീശന്റെ ആവശ്യം. പദ്ധതി നടത്തിപ്പിനുള്ള കരാറുകള്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുള്ളവർക്കു നിയന്ത്രണമുള്ള കമ്പനികള്‍ക്കാണ് അനുവദിച്ചത് എന്നും ഹര്‍ജിയിൽ ആരോപിച്ചിരുന്നു.
എന്നാൽ കെ–ഫോൺ പദ്ധതി നടപ്പാക്കുന്നത് തടയണമെന്നും പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിൽ സിബിഐയെ അന്വേഷണം ഏൽപ്പിക്കണമെന്നുമുള്ളത് ഈ ഘട്ടത്തിൽ ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കെ–ഫോണുമായി ബന്ധപ്പെട്ട സിഎജിയുടെ റിപ്പോർട്ട് ലഭ്യമാകുമ്പോൾ നിയമസഭയും പിഎസിയും പരിശോധിക്കും. ശേഷം ഉചിതമായ നടപടിക്ക് അവസരമുണ്ട് എന്നും കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ല എന്നാണു തങ്ങളുടെ തീരുമാനമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ സിഎജി റിപ്പോർട്ട് വന്നതിനുശേഷം ഹർജി പരിഗണിച്ചാൽ പോരെ എന്ന് കോടതി സതീശനോട് ആരാഞ്ഞിരുന്നു. സതീശൻ നൽകിയിയ പൊതുതാൽപര്യഹർജിയിൽ പൊതുതാൽപര്യം എന്താണ് എന്നും കോടതി ചോദിച്ചിരുന്നു.