അവയവ കടത്ത് റാക്കറ്റ്: ബംഗാളിലെ മെഡിക്കൽ കോളജുകളിൽ 200 കോടിയുടെ അഴിമതി നടന്നെന്ന് അമിത് മാളവ്യ
Mail This Article
കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ കോടിക്കണക്കിന് രൂപയുടെ അവയവക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നുവെന്നാണ് വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ സിബിഐ അന്വേഷണം വിരൽചൂണ്ടുന്നതെന്ന് ബിജെപി. ഇതിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പങ്കിനെക്കുറിച്ചും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സംശയമുന്നയിച്ചു. സമൂഹമാധ്യമമായ എക്സിലാണ് മാളവ്യയുടെ പ്രതികരണം.
‘‘200 കോടിയിലേറെ രൂപയുടെ അവയവക്കടത്ത് ശൃംഖല ബംഗാൾ മെഡിക്കൽ കോളജുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആർ.ജി.കർ മെഡിക്കൽ കോളജിൽ സിബിഐ നടത്തിയ അന്വേഷണം സൂചന നൽകുന്നത്. മമത ബാനർജി സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന ആർ.ജി.കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷാണ് ഈ ശൃംഖലയിലെ മുഖ്യൻ. കൊല്ലപ്പെട്ട വനിത ഡോക്ടർ സന്ദീപ് ഘോഷിനെയും അദ്ദേഹത്തിന്റെ ആളുകളെയും കുറിച്ച് മനസിലാക്കിയതിനാലാണോ അവരെ കൊലപ്പെടുത്തിയത്.
ഈ ശൃംഖലയുമായി ബന്ധമുള്ളതുകൊണ്ടാണോ മമത സന്ദീപ് ഘോഷിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ബംഗാൾ ആരോഗ്യമന്ത്രിക്ക് ഉറപ്പായും ഇതേക്കുറിച്ച് അറിവുണ്ടാകും. അങ്ങനെയല്ലെങ്കിൽ അവർ ഈ സ്ഥാനത്ത് തുടരാൻ അർഹയല്ലെന്നും അവരെ അടിയന്തരമായി പുറത്താക്കണമെന്നും പറയേണ്ടി വരും.’–മാളവ്യ എക്സിൽ പറഞ്ഞു. ബംഗാൾ മെഡിക്കൽ കോളജുകളിൽ 200 കോടിയുടെ ക്രമക്കേടുകൾ നടന്നതായി സൂചനയെന്ന മാധ്യമ വാർത്തകൾ പങ്കുവച്ചുകൊണ്ടായിരുന്നു മാളവ്യയുടെ പ്രതികരണം.
പ്രമുഖ തൃണമൂൽ നേതാവിന്റെ മകനും ബംഗാൾ മെഡിക്കൽ കൗൺസിൽ വൈസ് പ്രസിഡന്റുമായ ഡോ. സുശന്ത റോയ്, തൃണമൂൽ വിദ്യാർഥി സംഘടന (ടിഎംസിപി) നേതാവ് ഡോ. അവിക് ഡേ, ടിഎംസിപിയുടെ മറ്റൊരു നേതാവും സന്ദീപ് ഘോഷിന്റെ അടുത്തയാളുമായ ഡോ. സൗരവ് പോൾ എന്നിവർ യുവതി കൊല്ലപ്പെട്ട രാത്രി ക്യാംപസിലുണ്ടായിരുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.