സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന്; കൂടുതൽ പ്രതികളില്ലെന്നും പൊലീസ്
Mail This Article
ആലപ്പുഴ∙ സുഭദ്ര കൊലക്കേസിൽ പൊലീസ് പിടിയിലായ രണ്ടു പ്രതികൾക്കു മാത്രമേ പങ്കുള്ളൂ എന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായെന്ന് എസ്പി എം.പി.മോഹന ചന്ദ്രൻ. കാട്ടൂർ പള്ളിപ്പറസിൽ മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണു പിടിയിലായത്. ഒളിവിൽ താമസിക്കാനുള്ള ശ്രമത്തിനിടെ ഇന്നലെ ഉച്ചയോടെ കർണാടക മണിപ്പാലിൽ വച്ചു നാലംഗ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് രാവിലെ 9നു മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു.
കൊച്ചി സ്വദേശിനി സുഭദ്രയെ (73) ഓഗസ്റ്റ് 4 മുതൽ കാണാനില്ലെന്ന മകന്റെ പരാതിയിൽ നടത്തിയ അന്വേഷണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. കലവൂർ കോർത്തുശേരിയിൽ മാത്യൂസും ശർമിളയും വാടകയ്ക്കു താമസിച്ചിരുന്ന വീട്ടുവളപ്പിലാണു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 നു വൈകിട്ടാണ് കൊലപാതകം നടന്നത്.
സാമ്പത്തിക ലാഭമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നു പൊലീസ് പറയുന്നു. സുഭദ്ര ഉഡുപ്പി സ്വദേശിനിയാണെന്നു കരുതിയിരുന്നെങ്കിലും എറണാകുളം തോപ്പുംപടിക്ക് സമീപത്താണ് 6 വയസ്സുവരെ ജീവിച്ചതെന്നു കണ്ടെത്തി. തുടർന്നാണ് മാതാപിതാക്കൾക്കൊപ്പം അവരുടെ ജോലി സ്ഥലമായ ഉഡുപ്പിയിലേക്കു പോയത്.