ADVERTISEMENT

കലവൂർ (ആലപ്പുഴ) ∙ സുഭദ്ര വധക്കേസ് പ്രതികൾ അന്വേഷണം നടക്കുന്നതിനിടെ പൊലീസറിയാതെ തിരിച്ച് കൊച്ചിയിലെത്തി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ കൊലപ്പെട‌ുത്തിയശേഷം കർണാടകയിലേക്ക് കടന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും, ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയുമാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്തിയത്. കൊച്ചിയിൽ ഒളിവിൽ താമസിച്ച പ്രതികൾ വീണ്ടും കർണാടകയിലേക്ക് പോയപ്പോൾ മണിപ്പാലിനു സമീപം പൊലീസ് പിടിയിലാകുകയായിരുന്നു.

അന്വേഷണം നടക്കുന്നതിനിടെ ഇരുവരും കേരളത്തിൽ തിരിച്ചെത്തിയത് പൊലീസിനെയും ഞെട്ടിച്ചു. കൊച്ചിയിൽ ശർമിള മുൻപു താമസിച്ചിരുന്ന സ്ഥലത്തെ ചില പരിചയക്കാരാണ് ദമ്പതികൾ മണിപ്പാലിലേക്കു ട്രെയിനിൽ പോയെന്ന വിവരം കൈമാറിയത്. ഇരുവരെയും പൊലീസ് ആലപ്പുഴയിലെത്തിച്ചു. ആരും തിരിച്ചറിയാതിരിക്കാൻ കണ്ണട വച്ചായിരുന്നു പ്രതികളുടെ യാത്ര. മാത്യൂസിനെയും ശർമിളയെയും ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലുള്ള മാത്യൂസിന്റെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തും. സുഭദ്രയുടെ സ്വർണാഭരണങ്ങൾക്കു വേണ്ടിയാണു കൊലപാതകം നടത്തിയതെന്നാണു പ്രാഥമിക നിഗമനം.

മാത്യൂസ്, ശർമിള, സുഭദ്ര
മാത്യൂസ്, ശർമിള, സുഭദ്ര

കൊലയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നു ചോദ്യം ചെയ്യലിലേ വ്യക്തമാകൂ. സുഭദ്രയെ കാണാതായെന്ന പരാതിയിൽ കടവന്ത്ര പൊലീസ് കഴിഞ്ഞ മാസം 7 നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ശർമിളയ്ക്കൊപ്പം ഇവർ റെയിൽവേ സ്റ്റേഷനു മുന്നിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതോടെ, ശർമിളയും ഭർത്താവും താമസിക്കുന്ന കലവൂർ കോർത്തുശേരിയിലെ വീട്ടിൽ പൊലീസ് എത്തി. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സുഭദ്രയുടെ മൃതദേഹം വീട്ടുവളപ്പിൽ കണ്ടെത്തി.

പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഇരുവരും ഉഡുപ്പിയിലേക്കു കടന്നു. പൊലീസ് ഉഡുപ്പിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുമ്പോൾ 24ന് നാട്ടിൽ തിരിച്ചെത്തി. പൊലീസിനു വിവരം ലഭിച്ചപ്പോൾ കൊച്ചിയിലേക്കു പോയി. സുഭദ്രയുടെ മൃതദേഹം കണ്ടെത്തുന്നതിനു മുൻപേ പ്രതികളെത്തേടി പൊലീസ് ഉഡുപ്പിയിൽ എത്തിയിരുന്നു. പ്രതി ശർമിളയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉഡുപ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നു യുപിഐ ഇടപാടു വഴി പണം എത്തിയതിന്റെ വിവരം ലഭിച്ചതാണ് അവിടെ അന്വേഷണത്തിനു പോകാൻ കാരണം.

പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും യുപിഐ വഴി 60,000 രൂപ അക്കൗണ്ടിൽ എത്തിയതും ഉഡുപ്പിയിലെ എടിഎമ്മിൽനിന്നു പണമെടുത്തതും പൊലീസിന് ഇവരുടെ നീക്കങ്ങൾ മനസ്സിലാക്കാൻ സൗകര്യമായി. ഉഡുപ്പിയിൽനിന്ന് ഇരുവരും കേരളത്തിലെത്തി. ദമ്പതികളുടെ ചിത്രങ്ങൾ അപ്പോഴേക്കും പൊലീസ് പുറത്തുവിട്ടു. അതോടെയാണു കൊച്ചിയിലെ ഒളിത്താവളത്തിൽനിന്ന് ഇരുവരും വീണ്ടും കർണാടകയിലേക്ക് പുറപ്പെട്ടതും പിടിയിലായതും.

English Summary:

Subhadra Murder Case Solved: Kerala Police Track Down Suspects in Udupi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com