ADVERTISEMENT

കൊച്ചി∙ വയനാട് ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട 6 കുട്ടികളും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 7 കുട്ടികളുമുണ്ടെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുട്ടികൾക്കു ദീർഘകാല അടിസ്ഥാനത്തിൽ കൗൺസലിങ് ആവശ്യമുണ്ടെന്നും ഈ കുട്ടികളുടെ കാര്യത്തിൽ വനിതാ ശിശുക്ഷേമ മന്ത്രാലയം ഈയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ‍ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് മുൻപാകെയാണു സർക്കാർ ഇക്കാര്യങ്ങൾ അറിയിച്ചത്. 

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ഫോസ്റ്റർ കെയറിൽ ഏൽപ്പിച്ചിട്ടുണ്ടെന്നു സർക്കാർ വ്യക്തമാക്കി. ഇവർക്കു കൗൺസിലിങ് നൽകുന്നുണ്ട്. യൂണിസെഫിന്റെ സഹായത്തോടെ ഓരോ കുട്ടിക്കും സമഗ്രമായ പരിപാലന പദ്ധതി ആവിഷ്കരിക്കുന്നു. കുട്ടികൾക്ക് മാനസിക പിന്തുണ ഉൾപ്പെടെ നൽകുന്ന കാര്യത്തിൽ അധ്യാപകർക്കും കൗൺസലിങ് നൽകിയിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന്, മാതാപിതാക്കൾ നഷ്ടമായ കുട്ടികൾ ഉൾപ്പെടെ ദുരന്തബാധിതരായവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി.

സംസ്ഥാന സർക്കാരിന്റെയും ലീഗൽ സർവീസസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ഗ്രീവൻസ് സെല്‍ തുറക്കാൻ കോടതി നേരത്ത നിർദേശിച്ചിരുന്നു. ഈ സെല്ലിൽ ലഭിച്ച പരാതികളിൽ ജില്ലാ തലത്തിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ രണ്ടാഴ്ചയ്ക്കകം പട്ടിക തയാറാക്കി അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ദുരന്ത ബാധിതർക്ക് ഉൾപ്പെടെ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസ് ഏർപ്പെടുത്തുന്നതു പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ദുരന്ത ബാധിതരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനായി നടത്തുന്ന ശ്രമങ്ങൾ സംബന്ധിച്ച് സർക്കാരും ലീഗൽ സർവീസസ് അതോറിറ്റിയും നൽകിയ റിപ്പോർട്ടുകളിൽ കോടതി തൃപ്തി പ്രകടിപ്പിച്ചു.

ദുരന്തത്തിൽ കാണാതായവരുടെ എണ്ണം 69 ആണെന്നും തിരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. കാണാതായവരുടെ കുടുംബത്തിനു സഹായധനം നൽകുന്ന കാര്യത്തിൽ ഓഖി ദുരന്തത്തിൽ കണ്ടെത്താനാകാതെ വന്നവരുടെ കുടുംബത്തിനു സഹായധനം നൽകിയതു പോലുള്ള മാതൃക പരിഗണിക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

English Summary:

Kerala High Court Addresses Plight of Wayanad Landslide Victims' Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com