ADVERTISEMENT

തിരുവനന്തപുരം ∙ വ്യാജലോട്ടറിക്കേസില്‍ പിടിയിലായ ശെല്‍വകുമാറുമായി തെളിവെടുപ്പിന് തിരുനല്‍വേലിയില്‍ എത്തിയ കേരള പൊലീസ് സംഘം അമ്പരന്നുപോയി. ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ വ്യാജലോട്ടറി നിര്‍മിക്കാനുള്ള എല്ലാ ഉപകരണങ്ങളും സജ്ജമാക്കി അതിവൈദഗ്ധ്യത്തോടെയാണ് സെല്‍വകുമാര്‍ തിരുനല്‍വേലിയിലെ വീട്ടില്‍ വ്യാജലോട്ടറി അച്ചടിച്ചതെന്നു പൊലീസ് കണ്ടെത്തി. 10 കോടി രൂപ സമ്മാനം അവകാശപ്പെട്ട് വ്യാജലോട്ടറിയുമായി ലോട്ടറി ഡയറക്ടറേറ്റില്‍ നേരിട്ടെത്തിയപ്പോഴാണ് സെല്‍വകുമാര്‍ പിടിയിലായത്. തുടര്‍ന്ന് ലോട്ടറി ഡയറക്ടറേറ്റിന്റെ പരാതി പ്രകാരം കേസെടുക്കുകയായിരുന്നു. 

സെല്‍വകുമാറിനെ തിരുനല്‍വേലിയിലെ വീട്ടില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ് പിടിച്ചെടുത്തു. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വ്യാജ ലോട്ടറി ഈ ലാപ്‌ടോപ്പിലാണ് ഡിസൈന്‍ ചെയ്തിരുന്നതെന്നു പൊലീസ് കണ്ടെത്തി. ഇതോടെ ഇയാള്‍ തന്നെ വ്യാജലോട്ടറി നിര്‍മിച്ച് കളര്‍ പ്രിന്റ് എടുത്ത് കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് ഉറപ്പിച്ചു. പ്രിന്ററും സ്‌കാനറും പൊലീസ് പിടിച്ചെടുത്തു. ബാര്‍കോഡില്‍ ഒരു മാറ്റവും ഇല്ലാതെയാണ് വ്യാജലോട്ടറി നിര്‍മിച്ചിരുന്നത്. ലോട്ടറി അച്ചടിക്കുന്ന കടലാസുമായി സാമ്യമുള്ള കടലാസ് സംഘടിപ്പിച്ച് അതിലാണു പ്രിന്റ് എടുക്കുന്നത്.

സമ്മാനത്തുക അവകാശപ്പെടാത്തതു സംബന്ധിച്ച അറിയിപ്പുകള്‍ നോക്കി അതേ നമ്പരില്‍ ലോട്ടറി നിര്‍മിച്ച് സമ്മാനത്തുക തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തിരുനല്‍വേലയില്‍ ഫോട്ടോഷൂട്ടും കല്യാണ വര്‍ക്കുകളും ചെയ്യുന്ന സെല്‍വരാജിനെതിരെ രാംരാജിന്റെ വ്യാജ എംബ്ലം നിര്‍മിച്ചതിന് 2021ല്‍ കേസുണ്ടായിരുന്നു. ഇക്കുറി സെല്‍വകുമാര്‍ ഒറ്റയ്ക്കാണ് തട്ടിപ്പിന് ശ്രമിച്ചതെന്നു കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസ് പറഞ്ഞു.

വ്യാജലോട്ടറിയുമായി ലോട്ടറി ഡയറക്ടറേറ്റിലേക്കു പോയപ്പോള്‍ സെല്‍വരാജ് സഹായത്തിനു വിളിച്ചവരും ഒന്നുമറിയാതെ തട്ടിപ്പില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍നിന്നു വരികയാണ്, ലോട്ടറിയുടെ സമ്മാനം നേടാന്‍ സഹായിക്കണമെന്നാണ് സെല്‍വരാജ് ഇവരോടു പറഞ്ഞത്. ഇവര്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ സമ്മാനം ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരും സെല്‍വകുമാറിനൊപ്പം പോകുകയായിരുന്നു. പിന്നീട് ലോട്ടറി ഡയറക്ടറേറ്റില്‍ നടന്ന വിശദ പരിശോധനയിലാണ് ടിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ക്ക് തട്ടിപ്പുമായി ബന്ധമില്ലെന്ന് കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍നിന്നുള്ള സംഘങ്ങളാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജലോട്ടറി ടിക്കറ്റുകളുമായി എത്തി കേരളത്തില്‍നിന്നു പണം തട്ടുന്നത്. കുറഞ്ഞ വിലയില്‍ ബംപര്‍ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിര്‍ത്തിപ്രദേശത്ത് വ്യാപകമായിരുന്നു. മണ്‍സൂണ്‍ ബംപറിന്റെ പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട് സ്വദേശിക്കാണെന്നും ഒന്‍പത് കോടി രൂപ നല്‍കിയാല്‍ കരിഞ്ചന്തയില്‍ ടിക്കറ്റ് കൈമാറാമെന്ന വാഗ്ദാനവുമായി സംഘം പലരെയും സമീപിച്ചിരുന്നു.

English Summary:

Sophisticated Fake Lottery Operation Busted in Tirunelveli: Kerala Police Stunned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com