ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി; കാഞ്ഞങ്ങാട്ട് 3 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
Mail This Article
കാഞ്ഞങ്ങാട് (കാസർകോട്) ∙ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി കോട്ടയം സ്വദേശികളായ മൂന്നു സ്ത്രീകൾ മരിച്ചു. ചിങ്ങവനം പാലക്കുടി വീട്ടിൽ ചിന്നമ്മ ഉതുപ്പായ് (73), നീലംപേരൂർ പരപ്പൂത്തറ ആലീസ് തോമസ് (61), എയ്ഞ്ചലീന ഏബ്രഹാം (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7.10നാണ് അപകടം. കോട്ടയത്തുനിന്നു വധുവിന്റെ വീട്ടുകാർക്കൊപ്പം വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ.
കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങും പള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും കോട്ടയം ചിങ്ങവനം സ്വദേശി മാർഷയുടെയും വിവാഹത്തിന് ശനിയാഴ്ച രാവിലെ മലബാർ എക്സ്പ്രസിനാണ് സംഘം വന്നത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു ചടങ്ങ്. ആകെ 50 പേരാണു വിവാഹ സംഘത്തിൽ ഉണ്ടായിരുന്നത്. ചടങ്ങു കഴിഞ്ഞു ട്രാവലറിലാണ് ഇവർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിയത്.
മലബാർ എക്സ്പ്രസിൽ തിരികെ പോകുന്നതിനായി സ്റ്റേഷനോടു ചേർന്നുള്ള നട വഴിയിലുടെ ഇവർ ഒന്നാം പ്ലാറ്റ്ഫോമില്‍ എത്തി. അവിടെ നിന്ന് ട്രാക്ക് മറി കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലെത്തി. പിന്നാലെ എത്തിയവർ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് ഇവരെ അറിയിച്ചു. തുടർന്ന് ഇവർ ഇതേ വഴിയിലൂടെ വീണ്ടും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് തിരികെ വരാൻ പാളം മറി കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തു നിന്നെത്തിയ കോയമ്പത്തൂർ–ഹിസാർ എക്സ്പ്രസ് ട്രെയിൻ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മറ്റാർക്കും പരുക്കില്ല. മൃതദേഹങ്ങൾ ചിതറിപ്പോയ നിലയിലാണ്.
ഹൊസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. അപകടത്തെ തുടർന്ന് കാഞ്ഞങ്ങാട് സ്റ്റേഷനിൽ പിടിച്ചിട്ട മലബാർ എക്സ്പ്രസ് 8.15ന് യാത്ര തുടർന്നു. സംഘത്തിലുണ്ടായിരുന്നവർ ഇതേ ട്രെയിനിൽ കോട്ടയത്തേക്ക് പോയി.