ADVERTISEMENT

തിരുവനന്തപുരം∙ വെടിക്കെട്ടിന്റെ പേരിലറിയപ്പെടുന്ന കേരളത്തിന്റെ ശിവകാശിയായ പൂഴിക്കുന്നിൽ പതിവുതെറ്റിക്കാതെ ഭീമൻ അത്തപ്പൂക്കളം. വലിയ അത്തത്തട്ടിൽ പൂക്കളും ഇലകളുംകൊണ്ടു ഇടുന്ന അത്തപ്പൂക്കളം കാണാൻ നിരവധി പേരാണ് പൂഴിക്കുന്നിലേക്കെത്തുന്നത്. ഒമ്പത് ദിവസമായി പൂഴിക്കുന്നിന് ഉറക്കമൊഴിഞ്ഞുള്ള ഉത്സവക്കാലമാണ്.

പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിലാണ് 37 വർഷമായി മുടക്കമില്ലാതെ അത്തപ്പൂക്കളമൊരുങ്ങുന്നത്. ഇരുപതടി നീളവും പതിനഞ്ചടി വീതിയിലുമാണ് പൂക്കളം. സംസ്ഥാനത്ത് ഇതിനേക്കാൾ വലിയ അത്തപ്പൂക്കങ്ങളുണ്ടെങ്കിലും വ്രതം നോറ്റ് തുടർച്ചയായി പത്തു ദിവസവും ഇത്തരത്തിലൊരുക്കുന്ന പൂക്കളമില്ല. ദിവസവും പതിനായിരത്തോളം രൂപയുടെ പൂക്കളാണ് വാങ്ങുന്നത്.

poozhikkunnu-pookkalam2
പൂഴിക്കുന്നിൽ ഹരിത കർമ സേന ഒരുക്കിയ പൂക്കളം. ചിത്രം: Special Arrangement

വിവിധ സംഘടനകളും വ്യക്തികളുമാണ് സ്പോൺസർമാർ. പൂക്കൾ വാങ്ങാനായി പൂഴിക്കുന്നിലെ ഒരു സംഘം ചെറുപ്പക്കാർ തലേദിവസം പുലർച്ചെ തോവാളയിലേക്ക് തിരിക്കും. ഉച്ചയോടെ ഇവർ മടങ്ങിയെത്തിയാൽ പിന്നെ ഓരോ വീടുകളിലേക്കും പൂക്കൾ കൈമാറും. പിന്നെ വീട്ടുകാരുടെ ജോലിയാണ് പൂ ഒരുക്കൽ. അർധരാത്രിയോടെ ഓരോ ദിവസത്തെയും പൂക്കളം മാറ്റി പൂജകൾക്ക് ശേഷമാണ് പുതിയതിട്ടു തുടങ്ങുന്നത്. നേരം വെളുക്കുന്നതോടെ അത്തം കാണാൻ ആൾക്കൂട്ടമെത്തി തുടങ്ങും.

poozhikkunnu-pookkalam1
പൂഴിക്കുന്നിലെ പൂക്കളങ്ങളിലൊന്ന്. ചിത്രം: Special arrangement

നാട്ടുകാരാണ് പൂക്കളമൊരുക്കുന്നത്. ഇരുപതിലേറെ വർഷമായി പൂഴിക്കുന്ന് പൗരസമിതിയുടെ കലാകാരനായ സജീവാണ് പൂക്കളരൂപങ്ങൾ തയാറാക്കുന്നത്. അത്തക്കളത്തിൽ ഒരുവശം പൂക്കളവും മറുവശത്ത് പൂക്കൾ സംഭാവന ചെയ്യുന്നയാളുടെ താൽപര്യമനുസരിച്ചുള്ള ദൈവങ്ങളുടെ ചിത്രവുമായിരിക്കും. കഴിഞ്ഞ ദിവസം ‘സ്റ്റാൻഡ് വിത്ത് വയനാട്’ എന്ന പേരിൽ ഒരുക്കിയ പൂക്കളം ഏറെ പ്രശംസ പിടിച്ചുപറ്റി. നേമം വാർഡിലെ ഹരിത കർമ സേനാംഗങ്ങൾ സ്പോൺസർ ചെയ്ത അത്തപൂക്കളം കാണാനും തിരക്കായിരുന്നു.

മണ്ണുകൊണ്ട് തിട്ടയുണ്ടാക്കി അതിൽ ചാണകം മെഴുകിയുള്ള അത്തത്തട്ട് അത്തം തുടങ്ങുന്നതിന് ഒരാഴ്ച മുന്നേ ഒരുക്കിയിരുന്നു. അത്തപ്പൂജയും തുമ്പിതുള്ളലും നടത്തി വിവിധ കലാപരിപാടികളോടെയാണ് തിരുവോണ ദിനത്തിൽ ആലോഷങ്ങൾക്ക് കൊടിയിറങ്ങുക.

English Summary:

A Flower Carpet 20 Feet Long and 15 Feet Wide: Green Brigade and Stand with Wayanad Adorn Poozhikkunnu's Floral Splendor for Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com