ADVERTISEMENT

സിംഗപ്പൂർ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡോണൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഡോണൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമർശിക്കാതെയായിരുന്നു മാർപാപ്പയുടെ വിമർശനം. തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12 ദിവസത്തെ വിദേശ സന്ദർശനത്തിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാർപാപ്പ.

‘കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗർഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവർ ജീവിതത്തിനെതിരാണ്. ഇവയിൽ ചെറിയ തിന്മയെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഎസിലെ കത്തോലിക്കാ വിശ്വാസികൾ തിരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്? ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും മനസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണം’ – മാർപാപ്പ ആഹ്വാനം ചെയ്തു. 

വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും യുഎസിൽ ഇതിനകം തന്നെ താമസിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാർക്കായി തടങ്കൽപ്പാളയങ്ങൾ നിർമ്മിക്കുന്ന കാര്യം തള്ളിക്കളയാനും ട്രംപ് വിസമ്മതിച്ചു. 2022 ൽ സുപ്രീം കോടതി അസാധുവാക്കിയ ഗർഭഛിദ്ര അവകാശങ്ങൾക്കുള്ള ദേശീയ സംരക്ഷണം പുനഃസ്ഥാപിക്കാൻ യുഎസ് കോൺഗ്രസ് പാസാക്കുന്ന ഏത് നിയമനിർമ്മാണത്തിലും ഒപ്പിടാൻ തയാറാണെന്ന് കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 11ന് ഫിലഡൽഫിയയിൽ എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തിൽ സാമ്പത്തികരംഗം, വിദേശനയം, ഗർഭഛിദ്രം, കുടിയേറ്റം എന്നീ വിഷയങ്ങളിൽ ട്രംപും കമല ഹാരിസും അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മാർപാപ്പയുടെ വിമർശനം.

ഇന്തൊനീഷ്യ, കിഴക്കൻ ടിമോർ, പാപുവ ന്യൂഗിനി, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് 12 ദിവസത്തെ യാത്രത്തിൽ മാർപാപ്പ സന്ദർശിച്ചത്. സ്ഥാനമേറ്റ ശേഷം മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണിത്.

English Summary:

Pope Francis criticizes Donald Trump and Kamala Harris; tells US Catholics to choose 'lesser evil'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com