വീണ്ടും നിപ്പ മരണം? ഉത്രാടപ്പാച്ചിലിൽ നാട്; യച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി – പ്രധാനവാർത്തകൾ
Mail This Article
കേരളത്തെ വീണ്ടും ആശങ്കയിലാക്കി നിപ്പ മരണമെന്ന് സംശയം. പെരിന്തൽമണ്ണയിൽ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന്റെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. ഇന്നലെ സാംപിൾ മെഡിക്കൽ കോളജിൽ എത്തിക്കുകയും മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ആയിരുന്നു. പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാംപിൾ റിപ്പോർട്ട് വന്നാലെ നിപ്പയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.
അതേസമയം തിരുവോണാഘോഷത്തിന് മണിക്കൂറുകൾ ശേഷിക്കെ കേരളം ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ്. രാവിലെ മുതൽ സജീവമായ ചന്തകളിൽ വൈകിട്ടും തിരക്ക് തുടരുകയാണ്. തിരുവോണ സദ്യവട്ടം ഇത്തവണ കെങ്കേമമാക്കാൻ തന്നെയാണ് മലയാളികളുടെ തയാറെടുക്കുന്നത്. ഓണക്കച്ചവടം പൊടിപൊടിച്ചതോടെ വ്യാപാരികളും ഇത്തവണ ആവേശത്തിലാണ്. അതിനിടെ പാലക്കാട് കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. പ്രദേശത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റമത്സരത്തിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് തലസ്ഥാന നഗരി വിടനൽകി. യച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം ഡൽഹി എയിംസ് അധികൃതർക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയ നേതാവിനെ അവസാനമായി കാണാൻ സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും എത്തിയിരുന്നു.
അതേസമയം കലവൂരിലെ സുഭദ്ര കൊലപാതക കേസിൽ കുടൂതൽ വിവരങ്ങൾ പുറത്തുവരികയാണ്. ക്രൂരകൃത്യത്തിലേക്കു പ്രതികളെ നയിച്ചതു മദ്യാസക്തിയാണെന്നു പൊലീസ് അറിയിച്ചു. ശർമിളയും മാത്യൂസും മദ്യത്തിന് അടിമകളായിരുന്നുവെന്നും സ്ഥിരമായി മദ്യപിച്ചു പണം നഷ്ടപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ചാണു സുഭദ്രയെ ശർമിള പരിചയപ്പെട്ടത്. താൻ അനാഥയാണെന്നു ശർമിള പറഞ്ഞതോടെ സുഭദ്ര പലപ്പോഴും കാണാനെത്തി. മകളെപ്പോലെ സ്നേഹിച്ചു. മക്കളുമായി അടുപ്പം കുറവായിരുന്നെങ്കിലും സുഭദ്ര മിക്ക ദിവസവും അവരെ ഫോണിൽ വിളിക്കുമായിരുന്നുവെന്നും പൊലീസ് പറയുന്നു.