കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോട്ടയം സ്വദേശിനികളുടെ മരണം: ദുരന്തം ആഹ്ലാദത്തിന് തൊട്ടുപിറകേ; ചങ്കുതകർന്ന് ബിജു
Mail This Article
കാഞ്ഞങ്ങാട് ∙ കള്ളാർ അഞ്ചാലയിലെ ജോർജ് തെങ്ങുംപള്ളിയിലിന്റെ മകൻ ജസ്റ്റിൻ ജോർജിന്റെയും ചിങ്ങവനം പരപ്പൂത്തറ ബിജു ജോർജിന്റെയും ലിനുവിന്റെയും മകൾ മാർഷയുടെയും വിവാഹത്തിന് ഇന്നലെ രാവിലെ മലബാർ എക്സ്പ്രസിലാണു ചിങ്ങവനത്തുനിന്നുള്ള ബന്ധുക്കളുടെ സംഘമെത്തിയത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം.
വിവാഹസംഘത്തിൽ 50 പേരാണ് ഉണ്ടായിരുന്നത്. ചടങ്ങുകഴിഞ്ഞ് രാത്രി മലബാർ എക്സ്പ്രസിൽതന്നെ തിരികെപ്പോകാനാണു കാഞ്ഞങ്ങാട്ട് എത്തിയത്. സ്റ്റേഷനോടു ചേർന്നുള്ള നടവഴിയിലൂടെയാണ് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയത്. അവിടെനിന്നു ട്രാക്ക് കുറുകെ കടന്നു രണ്ടാം പ്ലാറ്റ്ഫോമിലെത്തി. ട്രെയിൻ ഒന്നാം പ്ലാറ്റ്ഫോമിലാണു വരികയെന്നു പിന്നാലെ എത്തിയവർ പറഞ്ഞതിനെത്തുടർന്ന് ഇതേ വഴിയിലൂടെ തിരികെ ഒന്നാം പ്ലാറ്റ്ഫോമിലേക്കു പോകുമ്പോൾ കണ്ണൂർ ഭാഗത്തുനിന്നെത്തിയ കോയമ്പത്തൂർ – ഹിസാർ എക്സ്പ്രസ് ഇടിച്ചാണ് അപകടം. മറ്റാർക്കും പരുക്കില്ല.
ചിന്നമ്മയുടെ ഭർത്താവ്: പി.എ.ഉതുപ്പായ്. മക്കൾ: ലിജു, ലിനു, സിനു. ആലീസിന്റെ ഭർത്താവ്: പി.എ.തോമസ്. മക്കൾ: മിഥുൻ, നീതു. മല്ലപ്പള്ളി തുരുത്തിക്കാട് പയ്യനാട്ട് കുടുംബാഗമാണ് എയ്ഞ്ചല. ഭർത്താവ് റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനീയറാണ്. പാലക്കാട്ട് നഴ്സായി ജോലി ചെയ്യുന്ന എയ്ഞ്ചല വിവാഹത്തിനു പോകാനായി കഴിഞ്ഞദിവസമാണു കോട്ടയത്തെത്തിയത്.
ചങ്കുതകർന്ന് ബിജു
കാഞ്ഞങ്ങാട് ∙ മകളുടെ വിവാഹത്തിനെത്തിയ ഭാര്യാമാതാവ് ഉൾപ്പെടെയുള്ളവർ ട്രെയിൻതട്ടി മരിച്ചതിന്റെ ഞെട്ടലിലാണു ബിജു ഏബ്രഹാം. ബിജുവിന്റെ മകളുടെ വിവാഹമാണ് ഇന്നലെ കള്ളാർ സെന്റ് തോമസ് പള്ളിയിൽ നടന്നത്. മകളെ വരന്റെ വീട്ടിലാക്കി സന്തോഷത്തോടെ മടങ്ങുമ്പോഴാണു ദുരന്തം. വിവാഹസംഘത്തിലെ മറ്റുള്ളവരെ മലബാർ എക്സ്പ്രസിൽ വിട്ട ശേഷം ബിജു തുടർനടപടിക്കായി പൊലീസ് സ്റ്റേഷനിലേക്കു പോയി. വേണ്ടപ്പെട്ടവർ കൂടെയില്ലാതെ എങ്ങനെ തിരിച്ചുപോകുമെന്നു പറഞ്ഞ് ബിജു വിലപിച്ചപ്പോൾ ആർക്കും സമാധാനിപ്പിക്കാനായില്ല.