ADVERTISEMENT

കണ്ണൂർ ∙ ഈ  തിരുവോണത്തിനും പി.ജയരാജന്റെ വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരും. ആഘോഷങ്ങൾക്കൊപ്പം ഒരു വേദനയുടെ ഓർമ കൂടി അവർ പങ്കുവയ്ക്കും. ഇന്ന് ആ ഓർമയ്ക്ക് 25 വയസ്സാകുകയാണ്. 1999 ലെ തിരുവോണ ദിവസമാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ മുഖങ്ങളിലൊന്നായ പി.ജയരാജൻ കുടുംബവീട്ടിൽവച്ച് ആക്രമിക്കപ്പെട്ടത്. മാരകമായി പരുക്കേറ്റെങ്കിലും ചികിൽസയും മനക്കരുത്തും കൊണ്ട് ജയരാജൻ ജീവിതത്തിലേക്കു തിരികെയെത്തി.

‘‘1999 ഓഗസ്റ്റ് 25 തിരുവോണ ദിവസമാണ് വീട്ടിൽ കയറി ആർഎസ്എസുകാർ എന്നെ ആക്രമിച്ചത്. കഴിഞ്ഞ 25 കൊല്ലവും ഓരോ വാർഷിക ദിനത്തിലും എന്നെ സ്നേഹിക്കുന്ന പലരും വിളിക്കാറുണ്ട്. ആ ഓർമ എനിക്കും എന്റെ കുടുംബത്തിനും സഖാക്കൾക്കുമെല്ലാം ഉണ്ട്. വർഗീയ രാഷ്ട്രീയത്തിന് എതിരെ ഞാൻ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഫലമായിട്ടാണ് എനിക്കെതിരെ ആക്രമണമുണ്ടായത്. ഇപ്പോഴും ആക്രമണങ്ങളെ പ്രതിരോധിച്ചാണ് ഞാൻ മുന്നോട്ടുപോകുന്നത്. അന്ന് കായിക ആക്രമണമാണെങ്കിൽ ഇപ്പോൾ ആശയപരമായ ആക്രമണമാണ് എനിക്കെതിരെ നടക്കുന്നത്. അതിനെതിരായ പ്രതിരോധ സമരമാണ് ഞാൻ ഇന്നും നടത്തുന്നത്. നിലപാടുകൾ അന്നത്തെ പോലെ തന്നെയാണ് ഇന്നും’’ – പി. ജയരാജൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

എല്ലാവർഷവും ഓണാഘോഷം മുടക്കമില്ലാതെ നടക്കാറുണ്ടെന്ന് ജയരാജൻ പറഞ്ഞു. തിരുവോണത്തിനു കുടുംബക്കാരൊക്കെ ഒത്തുചേരാറുണ്ട്. പാർട്ടി സഖാക്കളും വീട്ടിൽ വരും. അതിലൊന്നും മാറ്റമില്ല. പക്ഷേ തിരുവോണ ദിവസത്തെ ഈ ആക്രമണം നീറുന്ന ഓർമയാണ്. അതിനും അപ്പുറം രാഷ്ട്രീയ ജീവിതത്തിൽ മുന്നോട്ടുള്ള ഊർജമാണ് ഓരോ ഓണവുമെന്നും ജയരാജൻ പറയുന്നു.

വധഭീഷണികള്‍ എക്കാലത്തും ജയരാജനെ വേട്ടയാടിയിട്ടുണ്ട്. വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ഇപ്പോഴുമുണ്ട്. കതിരൂര്‍ മനോജ് വധക്കേസിൽ അടക്കം പി.ജയരാജനെ പിന്തുടരുന്ന ആരോപണങ്ങള്‍ ചെറുതല്ല. അതേസമയം, ജയരാജൻ എന്ന രാഷ്ട്രീയ ബിംബത്തിനു ചുറ്റും ആരാധകരും ഏറെയുണ്ട്. വ്യക്തിപൂജയെ പ്രോൽസാഹിപ്പിക്കാനാവില്ലെന്നു പാർട്ടി താക്കീതു നൽകിയിട്ടും ആ ആരാധന തുടരുന്നുമുണ്ട്.

വധശ്രമ കേസിൽ ഒരാളൊഴികെ എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാൽ പ്രശാന്തിന്റെ ശിക്ഷ ഇളവു ചെയ്തിട്ടുണ്ട്. 10 വർഷം കഠിന തടവെന്ന വിചാരണക്കോടതിയുടെ ശിക്ഷ ഒരു വർഷത്തെ വെറുംതടവാക്കി കുറച്ചു. നേരത്തേ ആർഎസ്എസ് ജില്ലാ കാര്യവാഹക് കണിച്ചേരി അജി ഉൾപ്പെടെ ആറു പേരെ വിചാരണക്കോടതി 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു. മൂന്നു പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ശിക്ഷിച്ചതിനെതിരെ പ്രതികളും മൂന്നു പേരെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചു. അതിൽ 8 പേരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. അതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

2010 ഡിസംബറില്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി.ശശി പാര്‍ട്ടിയില്‍ നിന്ന് പുറത്തായപ്പോഴാണ് പി.ജയരാജന്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 2012ൽ പയ്യന്നൂരിലും 2015ൽ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളില്‍ അദ്ദേഹം വീണ്ടും ജില്ലാ സെക്രട്ടറിയായി. വ്യക്തിപൂജ വിവാദങ്ങളടക്കമുള്ള വിമര്‍ശനങ്ങള്‍ തലപൊക്കിയെങ്കിലും 2018 ജനുവരിയില്‍ അദ്ദേഹത്തെ സെക്രട്ടറിയാക്കുന്ന കാര്യത്തില്‍ ജില്ലാ കമ്മിറ്റിയില്‍ ഒരേ അഭിപ്രായമായിരുന്നു. അത്ര കരുത്തനായ, ജനകീയനായ നേതാവാണ് പി.ജയരാജന്‍. 2019ൽ‌ വടകരയിൽ മത്സരിക്കാൻ വേണ്ടിയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി മാറ്റുന്നത്. 2021 മുതൽ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാണ്. എന്നാലും അടിമുടി കണ്ണൂർ സിപിഎമ്മുകാരൻ.

English Summary:

25 Years On: P. Jayarajan Remembers Thiruvonam Attack, Reaffirms Political Resolve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com