ADVERTISEMENT

ന്യൂ‍ഡൽഹി∙ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ‍ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയ ശേഷം പാർട്ടി ഓഫിസിലെത്തിയ കേജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണു രാജിക്കാര്യം വ്യക്തമാക്കിയത്. രണ്ടു ദിവസത്തിനകം രാജി വയ്ക്കുമെന്നാണു പ്രഖ്യാപനം. രാജിവയ്ക്കരുതെന്നു യോഗത്തിൽ അണികൾ അഭ്യർഥിച്ചു. എന്നാൽ നിരപരാധിത്വം തെളിഞ്ഞശേഷമേ ഇനി സ്ഥാനത്തേക്ക് തിരികെ എത്തൂ എന്നാണ് കേജ്‍രിവാൾ വ്യക്തമാക്കിയത്. 

‘‘ഞാൻ മുഖ്യമന്ത്രിയാകണമോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. ആരാകണം അടുത്ത മുഖ്യമന്ത്രിയെന്നു പാർട്ടി എംഎൽഎമാർ പറയും. തെരുവിലേക്കും ഓരോ വീട്ടിലേക്കും ഞാനിറങ്ങുകയാണ്. ജനങ്ങളിൽനിന്നു തീരുമാനം ഉണ്ടാകുന്നതുവരെ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കില്ല. സുപ്രീംകോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ഞങ്ങൾക്കു ജോലി ചെയ്യാനാകില്ലെന്നു ചിലയാളുകൾ പറയുന്നു. ഞാൻ സത്യസന്ധനാണെന്നു നിങ്ങൾക്കു തോന്നിയാൽ വലിയ തോതിൽ എനിക്കു വോട്ട് രേഖപ്പെടുത്തണം. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമ ഞാൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കൂ. ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പു നടക്കേണ്ടത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നവംബറിൽ തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെടുകയാണ്. അതുവരെ പാർട്ടിയിൽനിന്നു മറ്റൊരാൾ മുഖ്യമന്ത്രിയാകും. അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളിൽ എംഎൽഎമാരുടെ യോഗം ചേരും. അവർ മുഖ്യമന്ത്രിയെ തീരുമാനിക്കും’’ – കേജ്‍രിവാൾ പറഞ്ഞു.

എഎപിയെയും അരവിന്ദ് കേജ്‌രിവാളിനെയും തകർക്കാനാണു അവരെന്നെ ജയിലിൽ അടച്ചത്. എന്നെ ജയിലിൽ അടയ്ക്കുന്നതിലൂടെ പാർട്ടിയെയും ഡൽഹി സർക്കാരിനെയും തകർക്കാനാകുമെന്ന് അവർ കരുതി. പക്ഷേ, നമ്മുടെ പാർട്ടി തകർന്നില്ല. ജയിലിൽനിന്ന് രാജിവയ്ക്കാതിരുന്നത് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ വേണ്ടിയാണ്. അവരുടെ ആ ഫോർമുലയെ എനിക്കു തോൽപ്പിക്കണമായിരുന്നു. എന്തുകൊണ്ട് സർക്കാരിന് ജയിലിൽ ഇരുന്ന് ഭരിച്ചുകൂടായെന്നു സുപ്രീം കോടതി ചോദിച്ചു? സർക്കാരിന് ജയിലിൽനിന്നു ഭരിക്കാനാകുമെന്നു സുപ്രീംകോടതി തന്നെ തെളിയിച്ചു’’ – കേജ്‍രിവാൾ പറഞ്ഞു.

English Summary:

Shockwaves in Delhi: Arvind Kejriwal Announces Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com