പത്തു പേർക്കു കൂടി നിപ്പ ലക്ഷണം: മലപ്പുറത്ത് നിയന്ത്രണം; കൺട്രോൾ റൂം തുറന്നു
Mail This Article
മലപ്പുറം∙ പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ ജില്ലയിൽ പത്തു പേർക്ക് കൂടി നിപ്പ ലക്ഷണം. ഇവരുടെ സ്രവ സാംപിൾ ശേഖരിച്ചെന്നും കോഴിക്കോട് ലാബിൽ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽപ്പെട്ടവരെ കണ്ടെത്താൻ മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. യുവാവ് ബെംഗളൂരുവിൽനിന്ന് എത്തിയ ശേഷം എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്. നിപ്പ ബാധ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. 0483 2732010, 0483 2732050 എന്നിവയാണ് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ട നമ്പർ.
നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മലപ്പുറം ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട തിരുവാലി, മമ്പാട് പഞ്ചായത്തുകളിൽ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
പൊതുജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല, തിയറ്ററുകള്‍ അടച്ചിടണം, സ്കൂളുകളും കോളജുകളും അങ്കണവാടികളും അടക്കം പ്രവര്‍ത്തിക്കരുതെന്നാണു നിര്‍ദേശം. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിലെ നബിദിന റാലികൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്ന് കലക്ടർ നേരത്തേ നിർദേശിച്ചിരുന്നു.