‘അടിച്ചുമാറ്റാനാണ് തീരുമാനമെങ്കിൽ പൊളിച്ചടുക്കാനാണ് നിൽക്കുന്നത്; സന്നദ്ധപ്രവർത്തകർ കാലിച്ചായ കുടിച്ചിട്ടില്ല’
Mail This Article
കോഴിക്കോട് ∙ വയനാട് ദുരന്തത്തെ തുടർന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ദുരന്തത്തെ അവസരമാക്കി കൊള്ളയടിക്കുകയാണെന്നും സർക്കാരിനെ വെറുതെ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘ന്യായീകരണത്തൊഴിലാളികളോട്. ഈ കണക്കുകളെല്ലാം മൂന്നുമാസത്തേക്കുള്ള ചെലവുകളുടെ പ്രൊജക്‌ഷൻ മാത്രമെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? അപ്പോൾ ഇനിയും ശവസംസ്കാരങ്ങൾ സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നാണോ? അഥവാ അങ്ങനെ പ്രതീക്ഷിച്ചാൽപോലും ഒരു ശവസംസ്കാരത്തിന് 75,000 രൂപ എങ്ങനെ വരും? വൊളന്റിയർമാരുടെ ഭക്ഷണം, യാത്ര എന്നൊക്കെ പറഞ്ഞാൽ ഏതു വൊളന്റിയർമാർ? ബിജെപി, സേവാഭാരതി, ലീഗ്, കോൺഗ്രസ് തുടങ്ങി ഒരു സന്നദ്ധപ്രവർത്തകരും സർക്കാരിന്റെ കാലിച്ചായ പോലും കുടിച്ചിട്ടില്ല. ചെലവ് ഡിഫി വൊളന്റിയർമാരുടേതാണോ അതോ സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാരുടേതാണോ എന്ന് വ്യക്തമാക്കണം.
ഇനി സർക്കാരുദ്യോഗസ്ഥർ ഇജ്ജാതി ചെലവുവരുന്ന ഭക്ഷണം ഈ ദുരന്തമുഖത്തു കഴിക്കുമോ? പ്രതീക്ഷിത ചെലവുകളാണെന്നു സമ്മതിച്ചാൽപോലും ഒന്നും പൊരുത്തപ്പെടുന്നില്ല കമ്മികളേ... പാവപ്പെട്ട നാട്ടുകാരും പ്രവാസികളും ബിജെപി ഭരിക്കുന്ന സർക്കാരുകളും ഇതിനോടകം നൂറുകണക്കിന് കോടി രൂപയാണ് വയനാടിനായി നൽകിയിട്ടുള്ളത്. അടിച്ചുമാറ്റാനാണ് തീരുമാനമെങ്കിൽ അത് പൊളിച്ചടുക്കാനാണ് ഞങ്ങളും നിൽക്കുന്നത്. ദുരന്തത്തെ കൊള്ളയടിക്കുന്ന കമ്മി സർക്കാരിനെ വെറുതെവിടുമെന്ന് കരുതേണ്ട.’’– സുരേന്ദ്രൻ വ്യക്തമാക്കി.