ADVERTISEMENT

കൊച്ചി∙ വയനാട് ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചതിനു ചെലവായത് 2,76,75,000 രൂപ. ഒരു മൃതദേഹം സംസ്കരിക്കുന്നതിനു 75,000 രൂപയാണ് ഇതനുസരിച്ചു ചെലവ് വരിക. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിൽ സർക്കാർ നൽകിയ കണക്കുകളാണിത്. ഓഗസ്റ്റ് 17നാണു റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 

ആകെ 1555 വീടുകള്‍ പൂർണമായും 452 വീടുകൾ ഭാഗികമായും തകർന്നു. വസ്ത്രങ്ങളും പാത്രങ്ങളുമെല്ലാം തകർന്ന വകയിൽ വലിയ നഷ്ടമുണ്ടായി. 2500 രൂപ വീതം വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങാൻ നല്‍കുന്ന വകയിൽ ചെലവായത് ആകെ 11 കോടി രൂപയാണ്. ദുരന്തത്തിനുശേഷം അടുത്ത 90 ദിവസത്തേക്കു ദുരിതബാധിതർക്കു ദിവസം 300 രൂപ കണക്കിൽ ആകെ നൽകുന്നത് 5.42 കോടി രൂപ.

സൈനികരുടെയും വൊളന്റിയർമാരുടെയും യാത്രാച്ചെലവ് ഇനത്തിൽ നാലു കോടി രൂപ, ഇവർക്കുള്ള ഭക്ഷണം, വെള്ളം ചെലവ് ഇനത്തിൽ 10 കോടി രൂപ, ഇവരുടെ താമസച്ചെലവ് 15 കോടി രൂപ, ഇവർക്കുള്ള വൈദ്യസഹായത്തിന് 2.02 കോടി രൂപ, ദുരിതബാധിതരെ ഒഴിപ്പിക്കുന്നതിന് 12 കോടി രൂപ, ബെയ്‍ലി പാലത്തിന്റെ നിർമാണത്തിന് ഒരു കോടി രൂപ, ടോർച്ച്, മഴക്കോട്ട്, കുട, ഗംബൂട്ടുകൾ തുടങ്ങിയവ വാങ്ങിയതിന് 2.98 കോടി രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. ദുരന്തസ്ഥലം പ്രധാന പട്ടണങ്ങളിൽനിന്ന് അകലെയായതിനാലാണു ചെലവു കുത്തനെ വർധിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ദുരന്തത്തിൽ അകപ്പെട്ടവരുടെ തിരച്ചിലിനും രക്ഷപെടുത്തുന്നതിനുമായി 150 യന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഐബിഒഡി, ഡ്രോൺ, റഡാറുകൾ തുടങ്ങിയവയ്ക്ക് മൂന്നു കോടി രൂപ, ജെസിബി, ഹിറ്റാച്ചി, ക്രെയിനുകൾ എന്നിവയ്ക്ക് 15 കോടി രൂപ, മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്ക് മൂന്നു കോടി രൂപ എന്നിങ്ങനെയാണു ചെലവ്. 

ക്യാംപിലുള്ളവർക്കു ഭക്ഷണ ഇനത്തിൽ എട്ടു കോടി രൂപ, വസ്ത്രങ്ങൾക്ക് 11 കോടി രൂപ, വൈദ്യസഹായം എട്ടു കോടി രൂപ, ജനറേറ്റർ ഏഴു കോടി രൂപ എന്നിങ്ങനെയാണു ചെലവ്. സൈനികർ, ദുരിതബാധിതർ, മൃതദേഹങ്ങൾ, വിഐപികളുടെ സന്ദർശനം എന്നിവയ്ക്കായി വ്യോമസേനയ്ക്ക് 17 കോടി രൂപ, ദുരന്ത മേഖലയിൽ അകപ്പെട്ട വീടുകളിൽ ഒരു മാസത്തേക്കു കുടിവെള്ളം വിതരണം ചെയ്യുന്നതിന് മൂന്നു കോടി രൂപ, ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു ദിവസം 60 ലക്ഷം രൂപ വീതം രണ്ടു മാസത്തേക്ക് 36 കോടി രൂപയാണു ചെലവു വരിക. വെള്ളക്കെട്ടുകൾ നീക്കുന്നതിനു മൂന്നു കോടി രൂപയും ചെലവുണ്ട്. 

കാര്‍ഷികഭൂമിയിൽനിന്നു ചെളിയും മറ്റും നീക്കം ചെയ്യുന്നതിന് ഹെക്ടറിന് 18,000 രൂപ കണക്കിൽ ആകെ ചെലവ് 64.62 ലക്ഷം രൂപ, കാർഷിക ഭൂമി നഷ്ടമായവർക്ക് ഹെക്ടറിന് 47,000 രൂപ കണക്കിൽ ആകെ 47 ലക്ഷം രൂപ, പ്രദേശത്ത് ഏലം, കാപ്പി കാർഷകർക്ക് 80.77 ലക്ഷം രൂപ, മറ്റുവിളകൾ നശിച്ചു പോയവർക്ക് 6.30 ലക്ഷം രൂപ, പശുക്കളെ നഷ്ടമായവർക്ക് 84.37 ലക്ഷം രൂപ, ആടുകൾ നഷ്ടമായവർക്ക് 6.48 ലക്ഷം രൂപ, കോഴിക്കർഷകർക്ക് – ഒരു ലക്ഷം രൂപ, കന്നുകാലികൾക്കുള്ള ക്യാംപ് നടത്തിപ്പിന് 78,000 രൂപയും ചെലവായി.

English Summary:

Wayanad Landslide: Government Report Details Extensive Search & Rescue Operation Costs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com