ADVERTISEMENT

കോട്ടയം ∙ കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ മദ്യലഹരിയിൽ ഇടിച്ചുവീഴ്ത്തി കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളം. കാർ ഓടിച്ചിരുന്ന മുഹമ്മദ് അജ്മൽ (29), കൂടെയുണ്ടായിരുന്ന ഡോ.ശ്രീക്കുട്ടി (27) എന്നിവർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റും രേഖപ്പെടുത്തി. തിരുവോണ ദിനത്തിൽ വൈകിട്ടു നടന്ന അപകട വാർത്ത അറിഞ്ഞ്, മനുഷ്യത്വം മരവിച്ചുപോയോ എന്നു മലയാളികൾ ആശങ്കപ്പെട്ടതിന്റെ പിറ്റേന്നാണു കാരുണ്യസ്പർശമുള്ള ഒരു സന്തോഷവാർത്ത പുറത്തുവന്നത്. നടി നവ്യ നായരാണ് ഈ സംഭവത്തിലെ നായിക.

ആലപ്പുഴയിലെ പട്ടണക്കാട് തിങ്കളാഴ്ച രാവിലെയാണു സംഭവം. ലോറിയിടിച്ചു പരുക്കേറ്റ സൈക്കിൾ യാത്രികനാണു നവ്യ നായരും കുടുംബവും തുണയായത്. ആ മനസ്സലിവിലാണു പട്ടണക്കാട് അഞ്ചാം വാർഡ് ഹരിനിവാസിൽ രമേശനു ജീവൻ തിരികെ കിട്ടിയതും.

‘‘എല്ലാവരും ചെയ്യേണ്ട കാര്യമേ ഞാനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്’’– നവ്യ നായർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. പരുക്കേറ്റ രമേശനെ ആദ്യം തുറവൂർ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

‘മാതംഗി’ നൃത്തവിദ്യാലയത്തിൽ നവ്യയ്ക്കു നൃത്തക്ലാസിന്റെ തിരക്കുള്ളതിനാൽ പിതാവ് രാജു നായരാണു സംഭവത്തെപ്പറ്റി വിശദീകരിച്ചത്. ‘‘വീട്ടിലെ ഓണാഘോഷം കഴിഞ്ഞു ഞങ്ങൾ തിങ്കളാഴ്ച രാവിലെ കുടുംബസമേതം മുതുകുളത്തുനിന്നു കാറിൽ കൊച്ചിയിലേക്കു പോവുകയായിരുന്നു. നവ്യയെ കൂടാതെ അമ്മ വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ, ഞാൻ എന്നിവരാണു കാറിലുണ്ടായിരുന്നത്. രാഹുലാണു കാറോടിച്ചിരുന്നത്. ഞാനും മുന്നിലെ സീറ്റിലായിരുന്നു. പട്ടണക്കാട്ടെത്തിയപ്പോൾ, ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഒരു ഹരിയാന റജിസ്ട്രേഷൻ ട്രെയിലർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു. ഇന്ത്യൻ കോഫി ഹൗസിനു സമീപമായിരുന്നു അപകടം. ഓണാവധിയായതിനാൽ ദേശീയപാതയിൽ തിരക്കു കുറവായിരുന്നു. അമിതവേഗത്തിലാണു ട്രെയിലർ സഞ്ചരിച്ചിരുന്നത്. ട്രെയിലറിന്റെ പിൻഭാഗമാണ് ഇടിച്ചതെന്നു തോന്നുന്നു.

സൈക്കിൾ യാത്രക്കാരൻ നിലത്തുവീണു. അപകടം നടന്നത് അറിയാതിരുന്നിട്ടാണോ എന്തോ ട്രെയിലർ മുന്നോട്ടു പോകുന്നതും കണ്ടു. ആ ട്രെയിലറിനെ വിടരുതെന്നു നവ്യയും മറ്റുള്ളവരും പറഞ്ഞു. ഞങ്ങൾ കാറിനു വേഗം കൂട്ടി. ഹോണടിച്ച് ട്രെയിലറിനെ ഓവർടേക്ക് ചെയ്തു മുൻപിൽ കാർ നിർത്തി. ഞങ്ങൾ പുറത്തിറങ്ങി. ട്രെയിലർ ഡ്രൈവറോട് അപകടവിവരം പറഞ്ഞു. നവ്യ ഇതിനിടെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. ഹൈവേ പൊലീസും പട്ടണക്കാട്‌ എഎസ്‌ഐയും സ്ഥലത്തെത്തി. സൈക്കിൾ യാത്രക്കാരനെ പൊലീസ് ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയി. ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങൾ യാത്ര തുടർന്നു.

കൺമുന്നിൽ അപകടം നടന്നിട്ടും കണ്ടില്ലെന്നു നടിച്ചു പോയാൽ ആ സൈക്കിൾ യാത്രക്കാരന്റെ ജീവിതം എന്താകുമെന്നു ഞങ്ങൾ ചിന്തിച്ചു. തുടർന്നാണു ട്രെയിലറിനെ പിന്തുടർന്നു നിർത്തിച്ചത്. ഹരിയാന റജിസ്ട്രേഷൻ വാഹനമായതിനാൽ ഇവിടെനിന്നു വിട്ടുപോയാൽ കണ്ടുകിട്ടുക പ്രയാസമാണ്. ഞങ്ങൾ ട്രെയിലർ തടഞ്ഞപ്പോഴേക്കും പൊലീസെത്തി, ആളുകളും കൂടി.

വിദേശത്തു കാണുന്നതുപോലെ വളരെ പെട്ടെന്നു ഹൈവേ പൊലീസ് എത്തി. കർമനിരതരായ ഹൈവേ പൊലീസിന്റെ ഇടപെടൽ പ്രശംസനീയമാണ്. ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യപ്പറ്റോടെയാണു നമ്മൾ പെരുമാറേണ്ടത്. നേരത്തേ, നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു വരുന്നവഴിക്ക് അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടക്കുന്നയാളെ ആശുപത്രിയിൽ എത്തിക്കാനും നവ്യ മുൻകൈ എടുത്തിരുന്നു. ഇതെല്ലാം മാനുഷിക പരിഗണനയുടെ ഭാഗമാണ്. അല്ലാതെ മാറിനിൽക്കുന്നതല്ലല്ലോ ശരി. നമ്മളെല്ലാം വാഹനമോടിച്ചു പോകുന്നതാണല്ലോ. ഇങ്ങനെ ഇടപെടുന്നതൊന്നും അത്ര വലിയ കാര്യമല്ല. മൈനാഗപ്പള്ളിയിലെ അപകടവാർത്ത കണ്ടപ്പോൾ ഞെട്ടലുണ്ടായി. മനുഷ്യത്വമാണല്ലോ എപ്പോഴും വേണ്ടതെന്നും ഓർത്തു.’’– നവ്യയുടെ പിതാവ് പറഞ്ഞു.

English Summary:

Actress Navya Nair's Heroic Act Saves Cyclist in Hit-and-Run Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com