ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിന്റെ അപചയം തടയാൻ വർഗീയ വിദ്വേഷ പരാമർശം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ കത്ത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഖർഗെയുടെ കത്ത്. രാഹുൽ ഗാന്ധിയുടെ നാവ് അറുക്കുന്നവർക്ക് 11 ലക്ഷം നൽകുമെന്നായിരുന്നു ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ പരാമർശം.

‘‘പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന അപകീർത്തികരവും അങ്ങേയറ്റം ആക്ഷേപകരവുമായ പരാമർശങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ദുഃഖത്തോടെ പറയട്ടെ, നിങ്ങളുടെ പാർട്ടിയും സഖ്യകക്ഷികളും ഉപയോഗിക്കുന്ന അങ്ങേയറ്റം ആക്ഷേപകരമായ പരാമർശങ്ങൾ ഭാവിയിൽ ദോഷം ചെയ്യുന്നവയാണ്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മന്ത്രിയാണ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ‘നമ്പർ വൺ തീവ്രവാദി’യെന്നു വിശേഷിപ്പിച്ചത്. കേന്ദ്ര സർ‌ക്കാരുമായി ബന്ധമുള്ള പാർട്ടിയിലെ എംഎൽഎ രാഹുൽ ഗാന്ധിയുടെ നാവ് അറുത്താൽ 11 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. ഡൽഹിയിൽ നിന്നുള്ള മുൻ എംഎൽഎയും ബിജെപി നേതാവുമായ വ്യക്തി പറയുന്നത് രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റെ മുത്തശ്ശിയുടേതിനു സമാനമായ അനുഭവമുണ്ടാകും എന്നാണ്’’ – ഖർഗെ കത്തിൽ പറയുന്നു.

നിങ്ങളുടെ നേതാക്കൾക്കു മേൽ അച്ചടക്കവും മര്യാദയും നിർബന്ധമാക്കേണ്ടത് അനിവാര്യമാണ്. നേതാക്കളോട് മാന്യമായി പെരുമാറാൻ പറയൂ. ഇത്തരം വിദ്വേഷ പ്രചരണം നടത്തുന്നവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണം. ഇന്ത്യയുടെ സംസ്കാരം രാജ്യത്താകെ ചർച്ച ചെയ്യപ്പെടുന്നത് അഹിംസയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പേരിലാണ്. രാഷ്ട്രീയത്തിൽ ഇവയെ മാനദണ്ഡമാക്കിയവരാണ് നമ്മുടെ നേതാക്കൾ. ബ്രിട്ടീഷ് ഭരണകാലത്തും ഗാന്ധിജി ഈ ആശയങ്ങൾ രാഷ്ട്രീയത്തിൽ കൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. സ്വാതന്ത്യം ലഭിച്ചതിനു ശേഷവും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ആരോഗ്യപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. വിദ്വേഷം വിളമ്പുന്ന ദുഷ്ട ശക്തികൾ കാരണം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്കും ജീവൻ ബലിയർപ്പിക്കേണ്ടി വന്നുവെന്നും ഖർഗെ കത്തിൽ പറയുന്നു.

English Summary:

‘Deeply disturbing’: Kharge's letter to Modi on NDA leaders' remarks against Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com