ജിയോ നെറ്റ്വർക്ക് തടസ്സം: കാരണം ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തം; സേവനങ്ങൾ പുനഃസ്ഥാപിച്ചു
Mail This Article
മുംബൈ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിലയന്‍സ് ജിയോയുടെ നെറ്റ്‍വർക്കിൽ ഇന്ന് തടസ്സം നേരിട്ടു. റിലയൻസ് ജിയോ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തമാണ് ഇതിനു പിന്നിലെ കാരണം. സാങ്കേതിക കാരണങ്ങളാലാണു തകരാർ സംഭവിച്ചതെന്നും തകരാർ പരിഹരിച്ചെന്നും റിലയൻസ് ജിയോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
‘‘ഇന്നു രാവിലെ മുംബൈയിലെ ചില ജിയോ ഉപഭോക്താക്കൾക്ക് ചെറിയ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം തടസ്സമില്ലാത്ത സേവനങ്ങൾ ലഭിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടു. അത് പരിഹരിച്ചു. ജിയോയുടെ തടസ്സമില്ലാത്ത സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചു. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു’’– റിലയൻസ് ജിയോ വക്താവ് പറഞ്ഞു.
ഇന്‍റർനെറ്റ് സേവനങ്ങൾ മാത്രമല്ല ഫോണ്‍ വിളിക്കാനും കഴിയുന്നില്ലെന്നായിരുന്നു പരാതി. മുംബൈക്ക് പുറമേ ബെംഗളൂരു, ചെന്നൈ, ഡൽഹി, പുണെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ജിയോ നെറ്റ്‌വര്‍ക്കില്‍ പ്രശ്നമുള്ളതായി സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പേർ അറിയിച്ചിരുന്നു.