ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗ കൊലപാതകത്തിന് ഇരയായ സംഭവത്തെ തുടർന്ന് കൊൽക്കത്ത പൊലീസ് കമ്മിഷണർക്ക് സ്ഥലം മാറ്റം. തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി മമതാ ബാനർജിയും സമരരംഗത്തുള്ള ജൂനിയർ ഡോക്ടർമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. കമ്മിഷണർ വിനീത് ഗോയലിനെ സ്ഥലം മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യങ്ങളിലൊന്ന്. 

ആകെ 5 ആവശ്യങ്ങളാണ് മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ചർച്ചയിൽ ജൂനിയർ ഡോക്ട‍ർമാർ ഉന്നയിച്ചത്. ഇതിൽ ഭൂരിഭാഗം ആവശ്യങ്ങളും മമത സമ്മതിച്ചുവെന്നാണ് സൂചന. പൊലീസ് കമ്മിഷണർക്ക് പുറമെ സംസ്ഥാന ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ മാറ്റാനും ഇന്നലത്തെ യോഗത്തിന് ശേഷം തീരുമാനമായിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ സേവന ഡയറക്ടർ എന്നിവരെ നീക്കുന്നതിന് ധാരണയായിരിക്കുന്നത്. ഇരയുടെ മാതാപിതാക്കൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണറെയും സ്ഥലം മാറ്റും.

അതേസമയം, കേസിൽ സുപ്രീം കോടതിയിൽ ഇന്ന് വാദം കേൾക്കുകയാണ്. ഇതിന് ശേഷമായിരിക്കും കൊൽക്കത്തയിലെ പുതിയ കമ്മിഷണറെ പ്രഖ്യാപിക്കുകയെന്ന് മമത അറിയിച്ചു. മമതയുടെ വിശ്വസ്തനായ കമ്മിഷണർ വിനീത് ഗോയലിനെ ഏതു സ്ഥാനത്തേക്കാണ് മാറ്റുകയെന്ന് വ്യക്തമല്ല. ആർ.ജി.കർ മെഡിക്കൽ കോളജിലേക്ക് ഓഗസ്റ്റ് 14ന് നടന്ന പ്രതിഷേധ മാർച്ചിനിടെ ആശുപത്രിയിലുണ്ടായ അക്രമസംഭവങ്ങൾ തടയാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇത് സമരരംഗത്തുള്ള ജൂനിയർ ഡോക്ടർമാരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു വിനീത് ഗോയലിന്റെ വാദം. 

English Summary:

The Kolkata Police Commissioner has been transferred after protests by junior doctors following the rape and murder of a female doctor at RG Kar Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com