ലോറിയുടെ ടയറിൽ കുടുങ്ങി ബൈക്ക്, 200 മീറ്ററോളം വലിച്ചുകൊണ്ടുപോയി; നീറ്റലായി 3 പേർ - വിഡിയോ
Mail This Article
ബത്തേരി∙ കർണാടകയിലെ ഗുണ്ടൽപേട്ടിൽ വയനാട് സ്വദേശികളായ ദമ്പതികളുടെയും മകന്റെയും മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മലവയൽ പാഴൂർ ധനേഷ് (36), ഭാര്യ അഞ്ജു (27), മകൻ ഇഷാൻ കൃഷ്ണ (6) എന്നിവർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. മുൻഭാഗത്തെ ടയറുകൾക്കിടയിൽ കുടുങ്ങിയ ബൈക്കുമായി ലോറി ഏറെ ദൂരം മുന്നോട്ട് പോകുന്നതും ആളുകൾ ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ബൈക്കിനെ ഇടിച്ചിട്ട ശേഷം 200 മീറ്ററോളം ലോറി വലിച്ചുകൊണ്ടുപോയി. ചൊവ്വാഴ്ച വൈകിട്ട് ഗുണ്ടൽപേട്ട ടൗണിനടുത്ത് ബത്തേരി റോഡിലായിരുന്നു അപകടം. ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളും ഗോപാൽസ്വാമി ബെട്ടയും സന്ദർശിച്ചശേഷം ടൗൺ ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോഴാണ് പിന്നിൽനിന്നു വന്ന ലോറി ഇടിച്ചത്. എറണാകുളത്ത് കേരള വിഷൻ ജീവനക്കാരനായിരുന്നു ധനേഷ്.
അപകടം നടന്നശേഷം ലോറിയിൽ നിന്നിറങ്ങി നിലത്ത് കുഴഞ്ഞിരുന്ന ഡ്രൈവർ ഗോവിന്ദരാജ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ ചാമരാജ് നഗർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം രാവിലെ മലവയലിലെ വീട്ടിലെത്തിച്ചു.