ADVERTISEMENT

ഇടതുചൂണ്ടുവിരലിൽ ഒരു ദശാബ്ദത്തിനുശേഷം മഷി പുരട്ടാനൊരുങ്ങുകയാണ് ജമ്മു കശ്മീർ. 10 വർഷത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്നതുമാത്രമല്ല പ്രത്യേക അധികാരങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള, പുതുക്കിയ അതിർത്തി നിർണയത്തിനു ശേഷമുള്ള, ജമ്മു കശ്മീരിൽ ജനാധിപത്യം സെപ്റ്റംബർ 30നകം പുനഃസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഷയിൽ പറഞ്ഞാൽ ബുള്ളറ്റിനു പകരം ബാലറ്റ് തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ച ശേഷമുള്ള തിരഞ്ഞെടുപ്പ്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനപങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് കശ്മീർ ജനത ജനാധിപത്യ സംവിധാനം എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ആലങ്കാരികമായി വിവക്ഷിച്ചത്. ‘‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. പുതിയൊരു ഭാവി രചിക്കാൻ ആഗ്രഹിക്കുന്നു. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്നാണു ജനങ്ങളുടെ ആഗ്രഹം’’ – കമ്മിഷൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രത്യക്ഷപ്പെട്ട നീണ്ട ക്യൂ ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നതിന്റെ മാത്രമല്ല, അതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞിരുന്നു. 

പിഡിപി–ബിജെപി സഖ്യ സർക്കാരിന്റെ പതനത്തോടെയാണു കശ്മീരിൽ സംസ്ഥാനഭരണം ഇല്ലാതാകുന്നത്. ഗവർണർ ഭരണത്തിൻകീഴിൽ കഴിഞ്ഞിരുന്ന ജമ്മു കശ്മീരിനെ ആർട്ടിക്കിൾ 370ന്റെ റദ്ദാക്കലോടെ രാഷ്ട്രപതി ഭരണത്തിൻകീഴിലാക്കി. ഈ നടപടി റദ്ദാക്കാതിരുന്ന സുപ്രീംകോടതി മുന്നോട്ടുവച്ച ആവശ്യം കഴിയാവുന്ന വേഗത്തിൽ ജമ്മു കശ്മീരിന് അതിന്റെ സംസ്ഥാന സ്വഭാവം വീണ്ടുനൽകണമെന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നു കരുതിയെങ്കിലും സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് വൈകി. ഒടുവിൽ പുതുതായി നിർണയിക്കപ്പെട്ട 90 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നുഘട്ടമായി നടത്തുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. 

ജമ്മു കശ്മീരിന്റെ രാഷ്ട്രീയ ഭൂപടം

കശ്മീർ താഴ്‌വരയിൽ പ്രബലർ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിയും ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനൽ കോൺഫറൻസും തന്നെയാണ്. ജമ്മുവിൽ ആധിപത്യം കോൺഗ്രസിനും ബിജെപിക്കുമാണ്. നാഷനൽ കോൺഫറൻസും കോൺഗ്രസും ഒരു സഖ്യമായാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 90 സീറ്റുകളിൽ 51ൽ എൻസിയും 31ൽ കോൺഗ്രസും മത്സരിക്കും. അഞ്ച് സീറ്റുകളിൽ സൗഹൃദമത്സരം നടത്താനും സഖ്യം തീരുമാനിച്ചിട്ടുണ്ട്.

90 സീറ്റുകളിലും മത്സരിക്കുമെന്നാണ് അമിത് ഷാ നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കശ്മീരിലെ 28 സീറ്റുകളിൽ മത്സരിക്കേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടി എത്തിയത്. ദക്ഷിണ കശ്മീരിലെ എട്ടുസീറ്റുകളിലും മധ്യകശ്മീരിലെ ആറുസീറ്റുകളിലും ഉത്തരകശ്മീരിലെ അഞ്ചുസീറ്റുകളിലുമാണ് ബിജെപി മത്സരിക്കുന്നത്. 

വളഞ്ഞുമൂക്കുപിടിക്കാനോ ബിജെപി?

ദേശസ്നേഹമെന്ന വികാരമുയർത്തി കശ്മീരിൽ നിലയുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. കശ്മീരിനെ തകർത്തത് മൂന്നു കുടുംബങ്ങളുടെ ആധിപത്യമാണെന്ന പതിവ് ആരോപണം തന്നെയാണു തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാണിക്കുന്നത്. പുതുക്കിയ നിയോജക മണ്ഡല അതിർത്തി നിർണയത്തോടെ ജമ്മുവിൽ രൂപം കൊണ്ട പുതിയ ആറു നിയോജകമണ്ഡലങ്ങളും ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണെന്നത് ബിജെപിക്ക് അനുകൂലമാണ്. ഒൻപതു സംവരണ സീറ്റുകൾ അവതരിപ്പിച്ചതും ഗുണമായി ഭവിക്കുമെന്നാണു പ്രതീക്ഷ. പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പഹാഡികളുടെയുൾപ്പെടെയുള്ള പിന്തുണ ഇതോടെ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.  

A student poses for a picture at a photo booth during an event organised by the the District Election Office to raise awarness about voting in India's upcoming general elections in Srinagar on April 13, 2024. (Photo by TAUSEEF MUSTAFA / AFP)
(Photo by TAUSEEF MUSTAFA / AFP)

90 സീറ്റുകളിലും സ്ഥാനാർഥി എന്ന ആദ്യപ്രഖ്യാപനത്തെ മായ്ച്ചുകളഞ്ഞ് കശ്മീർ താഴ്‌വരയിലെ 19 സീറ്റുകളിൽ മാത്രം മത്സരിക്കാനുള്ള തീരുമാനത്തിലേക്കു ബിജെപി ചുരുങ്ങിയതിനെ തന്ത്രപരമായ നീക്കമെന്നാണു പാർട്ടിക്കുള്ളിൽ വിശേഷിപ്പിക്കുന്നത്. സീറ്റുകിട്ടാത്ത മുതിർന്ന നേതാക്കളെയെല്ലാം മുഷിപ്പിച്ചുകൊണ്ടുതന്നെയാണു നീക്കം. തങ്ങളുടെ ത്യാഗം പാർട്ടി കണ്ടില്ലെന്നു പലരും പരസ്യമായി പറഞ്ഞിട്ടും ജമ്മു കശ്മീരിൽ വലിയ അദ്ഭുതമൊന്നും സംഭവിക്കാനില്ല എന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടാണു ബിജെപിയുടെ ചുവടുവയ്പെന്നു നേതാക്കൾ പറയുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവിൽ ബിജെപിക്കു പ്രതീക്ഷയ്ക്കു വകയുള്ളതായാണു കരുതുന്നത്. അതേസമയം, താഴ്‌വരയിൽ ബിജെപി നിർത്തിയിരിക്കുന്നത് ഡമ്മി സ്ഥാനാർഥികളാണെന്നും ശ്രീനഗറിലൊഴികെ വേറെ എവിടെയും പാർട്ടിക്കു വിജയപ്രതീക്ഷയില്ലെന്നും പാർട്ടിക്കുള്ളിലുള്ളവർ തന്നെ പറയുന്നു.‌


ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ടെടുപ്പിനു മുന്നോടിയായി പോളിങ് സാമഗ്രികൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ.  (PTI Photo)(PTI09_17_2024_000340B)
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ വോട്ടെടുപ്പിനു മുന്നോടിയായി പോളിങ് സാമഗ്രികൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ. (PTI Photo)(PTI09_17_2024_000340B)

ഏഴു പ്രാദേശിക പാർട്ടികളാണ് ജമ്മു കശ്മീരിലുള്ളത്. ഇവരുടെ ശക്തരായ സ്ഥാനാർഥികൾക്കുപുറമേ 35 സ്വതന്ത്രരും മത്സരരംഗത്തുണ്ട്. വോട്ട് വിഭജനം ലക്ഷ്യമിട്ടു സ്വതന്ത്രർക്കു പിന്നിലുള്ളത് ബിജെപിയാണെന്നാണ് ആരോപണം. പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെ അധികാരത്തിലേറുകയാണ് ബിജെപിയുടെ ലക്ഷ്യം. 

കോൺഗ്രസ് ചിത്രത്തിലെവിടെ? 

സംസ്ഥാന പാർട്ടികൾ ശക്തമായ മണ്ണിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുക ദേശീയ പാർട്ടികൾക്ക് എളുപ്പമല്ല. ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ സഖ്യ തന്ത്രത്തിൽ മുന്നോട്ടുനീങ്ങാൻ കോൺഗ്രസ് തീരുമാനിച്ചത് അനുഭവ പരിചയം കാരണമാണ്. 2014ൽ സഖ്യത്തിൽനിന്നു പിന്മാറി മത്സരിച്ചതോടെ കോൺഗ്രസിന് അത് അല്പം കൂടെ വ്യക്തമായി. യഥാക്രമം 15 ,12 സീറ്റുകൾ വീതം നേടാനേ നാഷനൽ കോൺഫറൻസിനും കോൺഗ്രസിനുമായുള്ളൂ.

എൻസിയുമായുള്ള സഖ്യം ശക്തമാക്കി ജമ്മു കശ്മീരിൽ സാന്നിധ്യം ഊട്ടിയുറപ്പിക്കാനാണു കോൺഗ്രസ് ശ്രമം. 41 സീറ്റുകളിലാണ് സഖ്യം മത്സരിക്കുന്നത്. ഭൂരിപക്ഷത്തിന് അഞ്ചുസീറ്റുകൾ മാത്രമാണു കുറവ്. കോൺഗ്രസിന്റെ പ്രമുഖ കശ്മീരി മുഖങ്ങളിലൊന്നായ ഗുലാം നബി ആസാദ് ഇത്തവണ ഒപ്പമില്ലെങ്കിലും ആഞ്ഞുപിടിച്ചാൽ മികച്ച മത്സരം കാഴ്ചവയ്ക്കാൻ സഖ്യത്തിനാകും. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നാണ് നാഷനൽ കോൺഫറൻസിന്റെ പ്രധാന വാഗ്ദാനം. ഇത് താഴ്‌വരയിൽ ഒരു പരിധിവരെ പ്രതിധ്വനിക്കുമെങ്കിലും, ജമ്മുവിൽ വലിയ ചലനമുണ്ടാക്കാൻ‌ സാധ്യതയില്ല. 

വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 10 ചോദ്യങ്ങൾ ഉന്നയിച്ച് ആക്രമണം ആരംഭിച്ചു. തന്നെയുമല്ല താഴ്‌വരയിൽ എൻജിനീയർ റാഷിദിന്റെ ഇത്തിഹാദ് പാർട്ടി, പീപ്പിൾസ് കോൺഫറൻസ്, ഡിഎപി, ജമ്മു കശ്മീർ അപ്നി പാർട്ടി എന്നിവ എൻസിയുടെ സാധ്യതകളിൽ മങ്ങലേൽപ്പിക്കുന്നുമുണ്ട്. 

Bhartiya Janta Party (BJP) activists paste a poster with the image of BJP leader and Indian Prime Minister Narendra Modi on a wall near a polling station during the first phase of voting of India's general elections in Jammu, some 230 Kms from Srinagar on April 19, 2024. (Photo by TAUSEEF MUSTAFA / AFP)
Photo by TAUSEEF MUSTAFA / AFP

പിഡിപിക്ക് സ്വാധീനം നഷ്ടപ്പെട്ടോ? 

ജമ്മു കശ്മീരിൽ പിഡിപിക്കുള്ള സ്വാധീനം വലിയ തോതിൽ ഇടിഞ്ഞതായാണു വിലയിരുത്തൽ. ജനങ്ങൾ പുതുമുഖങ്ങളെ ആഗ്രഹിക്കുന്നു എന്ന തരത്തിലാണ് ഇതു വീക്ഷിക്കപ്പെട്ടതും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാൻ പിഡിപിക്ക് സാധിച്ചില്ല. പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ഷെയർ ഒൻപതു ശതമാനത്തിനും താഴേക്കു കൂപ്പുകുത്തി. പിഡിപിയുടെ വോട്ടുകൾ തങ്ങൾക്കനുകൂലമായി മറിഞ്ഞേക്കുമെന്നാണ് എൻസിയുടെ വിലയിരുത്തൽ. 

ഭരണം തീരുമാനിക്കുന്നത് സ്വതന്ത്രരോ?

വോട്ടു ഭിന്നിപ്പിക്കൽ ലക്ഷ്യമിട്ടു സ്വതന്ത്രർക്കു പിന്നിൽ ബിജെപിയെന്ന് ആരോപണമുയർത്തുമ്പോഴും ജമ്മു കശ്മീർ ആരു ഭരിക്കണമെന്നു നിശ്ചയിക്കുന്നത് സ്വതന്ത്രർ ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകർ. അവരുടെ പിന്തുണയിൽ ഭരണം പിടിക്കാമെന്നാണു ബിജെപി തന്ത്രമെന്നു പാർട്ടിക്കുള്ളിൽനിന്നും വാർത്തകൾ വരുമ്പോൾ സ്വതന്ത്രശക്തിയെ വിലകുറച്ചു കാണാനാകില്ലെന്ന് ഉറപ്പിക്കേണ്ടി വരും. ചരിത്രം പറഞ്ഞുവയ്ക്കുന്നതും അതുതന്നെയാണ്.


ജമ്മു കശ്മീരിലെ പുൽവാമയിൽ ആദ്യഘട്ട വോട്ടെടുപ്പിനു മുന്നോടിയായി കനത്ത സുരക്ഷയില‍് പോളിങ് സാമഗ്രികൾ കൊണ്ടുപോകുന്നു. ചിത്രം: (PTI Photo/S Irfan)(PTI09_17_2024_000312B)
ജമ്മു കശ്മീരിലെ പുൽവാമയിൽ ആദ്യഘട്ട വോട്ടെടുപ്പിനു മുന്നോടിയായി കനത്ത സുരക്ഷയില‍് പോളിങ് സാമഗ്രികൾ കൊണ്ടുപോകുന്നു. ചിത്രം: (PTI Photo/S Irfan)(PTI09_17_2024_000312B)

2014ൽ സെക്കൻഡ് റണ്ണറപ്പായത് സ്വതന്ത്രരുടെ പടയായിരുന്നു. 12 സീറ്റുകളാണ് അവർ നേടിയത്. ഇത്തവണ ആകെ മത്സരിക്കുന്ന സ്ഥാനാർഥികളുടെ 40 ശതമാനത്തലധികം (908 സ്ഥാനാർഥികളിൽ 365 പേർ) സ്വതന്ത്രർ. വോട്ട് ഭിന്നിപ്പിക്കുന്നതിനു വേണ്ടി ഡൽഹിയിൽനിന്ന് നിർത്തിയിരിക്കുന്നവരാണ് ഇവരെന്നാണ് മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടത്. നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയും ആരോപണവുമായി രംഗത്തെത്തിയിരുന്നു.

സ്വതന്ത്രരുടെ എണ്ണത്തിലെ വർധനവ് അസ്വാഭാവികമാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അഭിപ്രായപ്പെട്ടത്. അവർക്കു പണമെവിടെനിന്നാണെന്നും ഖർഗെ ചോദിക്കുന്നു. എൻസി–കോൺഗ്രസ് സഖ്യത്തിന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്താൻ പോകുന്നത് ഇവരാണെന്ന കാര്യത്തിൽ തർക്കമില്ല.

English Summary:

Jammu & Kashmir Assembly Elections 2024- Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com