‘കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ’: ഗുരുവായൂരിൽ വിഡിയോ ചിത്രീകരിക്കാൻ നിയന്ത്രണവുമായി ഹൈക്കോടതി
Mail This Article
കൊച്ചി∙ ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വിഡിയോ ചിത്രീകരിക്കുന്നതിനാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്നും ഹൈക്കോടതി വിമർശിച്ചു.
ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.പി.വേണുഗോപാൽ, ബബിത മോൾ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഈ ചിത്രകാരി നിരന്തരമായി ക്ഷേത്രാചാരങ്ങൾ ലംഘിക്കുകയാണെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.
വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂർണമായി നിരോധിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വിഡിയോഗ്രാഫിയും അനുവദിക്കരുത്. കിഴക്കേ നടയിലെ ദീപസ്തംഭത്തിനു സമീപത്തുകൂടി ക്ഷേത്രത്തിന്റെ ഉൾവശം ചിത്രീകരിക്കുന്നതും തടഞ്ഞു. ഭക്തരെ തടസ്സപ്പെടുത്തുന്ന നീക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ക്ഷേത്രം മാനേജിങ് കമ്മിറ്റി കൈക്കൊള്ളണം. ഇതിനായി ആവശ്യമെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടണമെന്നും ക്ഷേത്രത്തിലെ മതപാരമ്പര്യങ്ങൾ ലംഘിക്കപ്പെടരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ചിത്രകാരി നിയമവിരുദ്ധമായ രീതിയിൽ നടപ്പന്തലിൽ പ്രവേശിക്കുകയും അവിടെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് ഹർജിയിൽ പറയുന്നത്. പിറന്നാൾ കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം ഇവർ ചിലര്‍ക്കൊപ്പം തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളും ഹര്‍ജിക്കാർ കോടതിൽ സമർപ്പിച്ചിരുന്നു. ഭക്തർക്ക് ആരാധനാ സ്വാതന്ത്ര്യമുണ്ടെങ്കിലും മറ്റു ഭക്തരുമായി കലഹമുണ്ടാക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്നും കോടതി വ്യക്തമാക്കി.