ഹാജി അലി ജൂസ് സെന്ററിന്റെ ആലുവ ബ്രാഞ്ചില്‍ പരിശോധന; ഇന്നലെ മൂന്നിടത്ത് പരിശോധന
Mail This Article
കൊച്ചി∙ ട്രേഡ്മാർക്ക് ലൈസൻസ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മുംബൈ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രമുഖ ജൂസ് വിൽപന ശൃംഖലയായ ഹാജി അലി ജൂസ് സെന്ററിന്റെ ആലുവ ബ്രാഞ്ചില്‍ പരിശോധന. ഇന്നലെ കൊച്ചി നഗരത്തിലെ മൂന്നിടങ്ങളിലുള്ള ബ്രാഞ്ചുകളിൽ പരിശോധന നടത്തിയതിനു പിന്നാലെയാണ് ഇന്ന് ആലുവ ബ്രാഞ്ചിലും പരിശോധന. ഇന്ന് തന്നെ െകാച്ചി കാക്കനാട്ടുള്ള ബ്രാഞ്ചിലും പരിശോധന നടത്തുമെന്ന് കോടതി നിയോഗിച്ച റിസീവർ സ്മേര സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ പറഞ്ഞു.
കാലാവധി കഴിഞ്ഞ ട്രേഡ് മാർക്ക് ലൈസൻസ് ഉപയോഗിച്ചാണ് എറണാകുളം ജില്ലയിലെ ഹാജി അലി ജൂസ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജൂസ് സെന്ററിന്റെ ഉടമ അസ്മ നൂറാനി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് കോടതി റിസീവറെ നിയോഗിക്കുകയുമായിരുന്നു എന്ന് സ്മേര സെബാസ്റ്റ്യൻ പറഞ്ഞു. കടയുടെ ട്രേഡ് മാർക്ക് ചിഹ്നമുള്ള ബോർഡിൽനിന്ന് അത് നീക്കം ചെയ്യുക, ആ ചിഹ്നം പതിപ്പിച്ചിട്ടുള്ള മെനു കാർഡ്, പാത്രങ്ങളടക്കമുള്ളവ, ഭിത്തിയിലെ ചിത്രങ്ങൾ തുടങ്ങിയവ പിടിച്ചെടുക്കുകയാണു ചെയ്യുന്നതെന്നും അവർ പറഞ്ഞു.
അതേസമയം, ഹാജി അലി ഉടമയും തങ്ങൾ ലൈസൻസ് എടുത്ത ചെന്നൈയിലെ മാസ്റ്റർ ഫ്രാഞ്ചൈസിയും തമ്മിലുള്ള തർക്കമാണ് യഥാർഥ കാരണമെന്ന് ഫ്രാഞ്ചൈസി എടുത്തിരിക്കുന്ന മുംബൈ വാഗൺ കമ്പനി ഉടമ വിനോദ് നായർ പറഞ്ഞു. മാസ്റ്റർ ഫ്രാഞ്ചൈസിയെ ഉടമകൾ പുറത്താക്കിയെങ്കിലും തങ്ങൾക്ക് മൂന്നു വർഷത്തേക്ക് ലൈസൻസ് ഉണ്ടായിരുന്ന കാര്യം ബോംബെ ഹൈക്കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും അദ്ദേഹം പറഞ്ഞു.