ADVERTISEMENT

ജറുസലം∙ ലെബനനെ അക്ഷാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ആ സ്ഫോടനം. സ്ഫോടനത്തിൽ നിന്നുരക്ഷപ്പെട്ടവർ പേജറുകൾ മാത്രമല്ല മൊബൈലും ടാബും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തന്നെയും ഇനി ഉപേക്ഷിച്ചേക്കാമെന്നാണ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പ്രഫഷനൽ സ്റ്റഡീസിലെ സെന്റർ ഫോർ ഗ്ലോബൽ അഫയേഴ്‌സിൽ പരിശീലകനായ നിക്കോളാസ് റീസ് നിരീക്ഷിച്ചത്. റീസിന്റെ കണക്കുകൂട്ടലിൽ ചൊവ്വാഴ്ച നടന്ന ആക്രമണം ഹിസ്ബുല്ലയെ അവരുടെ ആശയവിനിമയ തന്ത്രങ്ങൾ മാറ്റാൻ നിർബന്ധിതരാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്രുല്ല പേജർ ഉപയോഗിക്കാൻ ഹിസ്ബുല്ല അംഗങ്ങൾക്ക് നിർദേശം നൽകുന്നത്. അതുകൊണ്ടുതന്നെ ആശയവിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത് പേജറുകളെയാണ്. എന്നാൽ മൊസാദ് അൽപം കൂടി കടന്നു ചിന്തിച്ചു. ഹിസ്ബുല്ലയെ ട്രാക്ക് ചെയ്യുകയല്ല, ഇല്ലാതാക്കുക എന്ന യുദ്ധതന്ത്രം. മൂവായിരം പേജറുകളാണ് ലെബനനിൽ പൊട്ടിത്തെറിച്ചത്. 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മൂവായിരത്തിലേറെ പേർക്ക് പരുക്കുപറ്റി.

തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5000 പേജറുകളാണ് ഹിസ്ബുല്ല ഓർഡർ ചെയ്തത്. ഈ പേജറുകൾക്കുള്ളിലാണ് സ്ഫോടക വസ്തു മൊസാദ് ഒളിപ്പിച്ചത്. സ്കാനറുകളുൾപ്പെടെ ഒരു ഉപകരം ഉപയോഗിച്ചും കണ്ടെത്താനാകാത്ത വിധം രഹസ്യമായിട്ടായിരുന്നു മൂന്നു ഗ്രാമോളം സ്ഫോടക വസ്തു മൊസാദ് ഒളിപ്പിച്ചത്. അത് സജീവമാക്കാനുള്ള കോഡ് ചെയ്ത സന്ദേശമെത്തിയതും പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. മാസങ്ങളോളം ഉപയോഗിച്ചിട്ടും മൊസാദ് ഒളിപ്പിച്ച ആ സ്ഫോടകവസ്തു കണ്ടെത്താൻ ഹിസ്ബുല്ലയ്ക്ക് സാധിച്ചില്ല. ഹിസ്ബുല്ലയുടെ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയം.

എന്താണ് പേജർ?

ലളിതമായ ആശയ വിനിമയ ഉപകരണം. ഡോക്ടർമാർ, മാധ്യമപ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, മാനേജർമാർ തുടങ്ങിയ മേഖലയിലുള്ളവർക്ക് വളരെ ഉപകാരപ്രദമായിരുന്നു പേജർ. വിദൂര സ്ഥലങ്ങളിൽ പോലും സന്ദേശങ്ങളെത്തിക്കുന്നതിൽ പേജർ വിജയിച്ചിരുന്നു. റേഡിയോ തരംഗങ്ങൾ വഴിയാണ് സന്ദേശം കൈമാറിയിരുന്നത്.

സാങ്കേതികവിദ്യ പുരോഗമിച്ചതോടെ പേജറുകളിലും കാര്യമായ മാറ്റങ്ങൾ വന്നു. ഡിവൈസിൽ നേരിട്ട് ചെറിയ സന്ദേശങ്ങൾ പ്രദർശിപ്പിക്കാൻ പ്രാപ്തമാക്കുന്ന ഒരു ചെറിയ സ്ക്രീൻ ഉള്ളതായിരുന്നു പുതിയ മോഡലുകൾ. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് പേജറിനെ കവച്ചുവച്ച് മൊബൈൽ ആ സ്ഥാനം കീഴടക്കുന്നത്. തൊണ്ണൂറുകളുടെ അവസത്തോടെ പേജറുകൾ പൂർണമായും അപ്രത്യക്ഷമായി എന്നും പറയാം. എന്നാൽ ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകളിൽ സജീവമായിരുന്നു.

English Summary:

Mossad's Secret Weapon: How Israel's 5,000 Pagers Delivered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com